ഈസ്റ്റ് ബംഗാളിന് ഐലീഗ് സീസണിലെ രണ്ടാം മത്സരത്തിലും വിജയം. ഇന്ന് മികച്ച ഫോമിലുള്ള ഷില്ലോങ് ലജോങിനെ അവരുടെ ഹോമിലാണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിന്റെ രണ്ട് ജയങ്ങളും എവേ മത്സരങ്ങളായിരുന്നു എന്നത് ഈസ്റ്റ് ബംഗാൾ ആരധകർക്ക് ഇരട്ടി സന്തോഷം നൽകും. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ഇന്നത്തെ വിജയം. മലയാളി യുവ സ്ട്രൈക്കർ ജോബി ജസ്റ്റിന്റെ മികവാണ് ഷില്ലോങിൽ ഈസ്റ്റ് ബംഗാളിനെ ജയിപ്പിച്ചത്. രണ്ട് ഗോളുകളുമായാണ് ജോബി തിളങ്ങിയത്.
കളിയുടെ 12ആം മിനുട്ടിൽ തന്നെ ജോബി ഈസ്റ്റ് ബംഗാളിനെ മുന്നിൽ എത്തിച്ചു. റാൾട്ടെ എടുത്ത ഫ്രീകിക്കിൽ നിന്ന് ഒരു കിടിലൻ ഹെഡറിലൂടെ ആയിരുന്നു ജോബിയുടെ ആദ്യ ഗോൾ. 41ആം മിനുട്ടിൽ എസ്കേഡയും ജോബിയും ചേർന്ന് നടത്തിയ നീക്കത്തിന് ഒടുവിൽ ആയിരുന്നു ജോബിയുടെ രണ്ടാം ഗോൾ പിറന്നത്. 71ആം മിനുട്ടിൽ രാകേഷ് പ്രദാൻ ഒരു ഗോൾ മടക്കി ലജോങിന് പ്രതീക്ഷ നൽകി എങ്കിലും അതും താമസിയാതെ ഈസ്റ്റ് ബംഗാൾ അവസനിപ്പിച്ചു.
74ആം മിനുട്ടിൽ ബിദ്യാസാഗർ ആണ് ഈസ്റ്റ് ബംഗാളിന്റെ മൂന്നാം ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ നെരോക്കയെ ആയിരുന്നു ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചത്.