യൂറോ കപ്പ് നേട്ടത്തിന് പിറകെ വിരമിക്കൽ പ്രഖ്യാപിച്ചു ജിൽ സ്‌കോട്ട്
ഇംഗ്ലണ്ടിന്റെ ചരിത്ര യൂറോ കപ്പ് നേട്ടത്തിന് പിന്നാലെ ഫുട്‌ബോളിനോട് വിട പറഞ്ഞു ഇംഗ്ലീഷ് താരം ജിൽ സ്‌കോട്ട്. സഹതാരവും റെക്കോർഡ് ഗോൾ വേട്ടക്കാരിയും ആയ എലൻ വൈറ്റ് വിരമിച്ചതിനു മണിക്കൂറുകൾക്ക് ശേഷം ആണ് ജിൽ സ്‌കോട്ട് ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിന് ആയി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരം ആണ് ജിൽ സ്‌കോട്ട്.ഇംഗ്ലണ്ടിന് ആയി 161 മത്സരങ്ങൾ കളിച്ച ജിൽ 27 ഗോളുകൾ ഇംഗ്ലണ്ടിന് ആയി കളിച്ചിരുന്നു. 172 മത്സരങ്ങൾ കളിച്ച ഫറ വില്യംസ് മാത്രമാണ് ജില്ലിന് മുന്നിലുള്ള ഏക താരം.
ഇംഗ്ലണ്ടിനു ആയി 10 വലിയ ടൂർണമെന്റുകളിൽ കളിച്ച ജിൽ 2 യൂറോ കപ്പ് ഫൈനൽ കളിച്ച ഏക ഇംഗ്ലീഷ് താരമാണ്. 2009 സെമിഫൈനലിൽ ഇംഗ്ലണ്ടിന് ആയി ഗോൾ നേടിയ താരം അന്ന് ഫൈനലിൽ ജർമ്മനിയോട് പരാജയപ്പെട്ടു. 2022 ൽ ജർമ്മനിയോട് പ്രതികാരം ചെയ്തു ഇംഗ്ലണ്ട് കിരീടം നേടിയപ്പോൾ പകരക്കാരിയായി ജിൽ കളത്തിൽ ഇറങ്ങിയിരുന്നു. മധ്യനിര താരമായ ജിൽ 2006 ൽ ആണ് ഇംഗ്ലണ്ടിന് ആയി അരങ്ങേറ്റം കുറിക്കുന്നത്. വനിത ഫുട്‌ബോളിലെ ആദ്യ കാല സൂപ്പർ താരമായിട്ടാണ് ജിൽ സ്കോട്ടിനെ പരിഗണിക്കുന്നത്.
സണ്ടർലാന്റ്, എവർട്ടൺ, മാഞ്ചസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല എന്നീ ടീമുകളിൽ കളിച്ച 35 കാരിയായ ജിൽ ഇംഗ്ലണ്ടിൽ ക്ലബ് തലത്തിൽ എല്ലാ കപ്പും നേടിയിട്ടുണ്ട്. 2017 ൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആയി വനിത സൂപ്പർ ലീഗും എഫ്.എ കപ്പും ജിൽ നേടിയിരുന്നു. യൂറോ കപ്പിൽ നാലു മത്സരങ്ങളിൽ പകരക്കാരിയായി താരം ഇറങ്ങിയിരുന്നു. യൂറോപ്യൻ ജേതാവ് ആയി വിരമിക്കുന്നതിൽ സന്തോഷം ആണെന്ന് പറഞ്ഞ താരം ഇത് ആഘോഷത്തിന്റെ സമയം ആണെന്നും സങ്കടപ്പടേണ്ട കാര്യമല്ല എന്നു തന്റെ വിരമിക്കൽ കുറിപ്പിൽ പറഞ്ഞു. യൂറോ കപ്പ് സ്വർണ മെഡൽ കഴുത്തിൽ അണിഞ്ഞാണ് തന്റെ വിരമിക്കൽ എന്നത് സന്തോഷം നൽകുന്നു എന്നും താരം പറഞ്ഞു.
Story Highlight : Jill Scott announced retirement from football after Ellen White.