ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് ലക്ഷ്യം വെച്ച് നോർത്ത് ഈസ്റ്റ് ജംഷദ്പൂരിനെതിരെ ഇറങ്ങും. ജംഷദ്പൂരിലെ JRD ടാറ്റ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം. ഇന്ത്യൻ സൂപ്പർ ലീഗിൽ നാലാം സ്ഥാനത്താണ് ജംഷദ്പൂർ എഫ്സി. മൂന്നാം സ്ഥാനക്കാരാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരു ടീമുകളും ഈ സീസണിൽ ഗുവാഹട്ടിയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.
പതിനെട്ട് ഗോളുകളുമായി ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച രണ്ടാമത്തെ ആക്രമണ നിരയാണ് ജംഷദ്പൂർ എഫ്സിക്കുള്ളത്. ഈ സീസണിൽ ഒരു തവണ മാത്രമാണ് ജംഷദ്പൂർ എഫ്സി പരാജയപ്പെട്ടതെങ്കിലും അഞ്ച് സമനിലകൾ അവർക്കുണ്ട്. ഒരൊറ്റ ക്ലീൻ ഷീറ്റു പോലുമില്ലാത്ത ടീമിന് തിരിച്ചടിയായത് പ്രതിരോധത്തിലെ പാളിച്ചകളാണ്. എന്നാലും ഹോം മച്ചിൽ ഇതുവരെ ജംഷദ്പൂർ എഫ്സി പരാജയമറിഞ്ഞിട്ടില്ല. രണ്ടു വിജയവും രണ്ടു സമനിലയുമാണ് മത്സര ഫലങ്ങൾ.
ഇന്ത്യൻ സൂപ്പർ ലീഗിലെ നോർത്ത് ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കമാണ് ഈ സീസണിൽ. ഇന്നത്തെ മത്സരവും ജയിച്ച് ടോപ്പ് ഫോറിൽ ഫിനിഷ് ചെയ്ത് പ്ലേ ഓഫ് ഉറപ്പിക്കാനാവും ഹൈലാൻഡേഴ്സ് ശ്രമിക്കുക. ലീഗിലെ മികച്ച ഗോൾ വേട്ടക്കാരനായ ഓഗ്ബെച്ചേയും ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ ഗോളടിച്ച മാസിയയും നോർത്ത് ഈസ്റ്റിനു കരുത്താകും.
എവേ മാച്ചുകളിൽ നൂറു ശതമാനം വിജയമാണ് ഹൈലാൻഡേഴ്സ് ഈ സീസണിൽ നേടിയത്. ഈ സീസണിൽ എവേ മാച്ചുകൾ തോറ്റിട്ടില്ലാത്ത നോർത്ത് ഈസ്റ്റും ഹോം മാച്ചുകൾ തോറ്റിട്ടില്ലാത്ത മൈനേഴ്സും ഏറ്റുമുട്ടുമ്പോൾ തകർപ്പൻ മത്സരം ഫുട്ബോൾ ആരാധകർക്ക് ലഭിക്കുമെന്നുറപ്പ്.