ജെമീമ ഓൺ ഫയര്‍, നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ച് ഇന്ത്യന്‍ താരം

ദി ഹണ്ട്രെഡിന്റെ വനിത പതിപ്പിൽ വെല്‍ഷ് ഫയറിനെ മുട്ടുകുത്തിച്ച് ജെമീമ റോഡ്രിഗസിന്റെ ഒറ്റയാള്‍ പ്രകടനം. 43 പന്തിൽ പുറത്താകാതെ 92 റൺസ് നേടിയ ജെമീമയുടെ ബലത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സ് 6 വിക്കറ്റ് വിജയം നേടുകയായിരുന്നു.

നൂറ് പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് വെൽഷ് നേടിയത്. 30 റൺസ് നേടിയ ഹെയ്‍ലി മാത്യൂസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സൂപ്പര്‍ ചാര്‍ജ്ജേഴ്സിന് വേണ്ടി ലിന്‍സേ സ്മിത്ത് മൂന്ന് വിക്കറ്റും കാറ്റി ലെവിക്, അലീസ് റിച്ചാര്‍ഡ്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

19/4 എന്ന നിലയിലേക്ക് വീണ സൂപ്പര്‍ചാര്‍ജേഴ്സ് 85 പന്തില്‍ ജെമീമയുടെ മികവിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു. 17 ഫോറും ഒരു സിക്സുമാണ് താരം നേടിയത്.