ജീക്സൺ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും, 2025വരെയുള്ള കരാർ ഒപ്പുവെച്ചു

കേരള ബ്ലാസ്റ്റേഴ്സ് ഒരു താരത്തിന്റെ കൂടെ കരാർ പുതുക്കി. യുവ മധ്യനിര താരമായ ജീക്സൺ സിങ് ആണ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചത്‌. 2025വരെ ജീക്സൺ ഇനി കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകും. 2018ൽ ആയിരുന്നു ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. അവസാന സീസണുകളിൽ ടീമിന്റെ പ്രധാന താരമായിരുന്നു. ഇവാൻ വുകമാനോവിചിന്റെ കീഴിൽ എത്തിയതോടെ ജീക്സൻ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്കും ഉയർന്നു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങൾ ജീക്സൺ കളിച്ചു. രണ്ട് അസിസ്റ്റ് നൽകാനും ഒരു ഗോൾ നേടാനും ഇരുപത് കാരനായി. ഇതുവരെ ഐ എസ് എല്ലിൽ ആകെ 48 മത്സരങ്ങൾ ജീക്സൺ കളിച്ചു കഴിഞ്ഞു. മുമ്പ് ജീക്സൺ ഇന്ത്യൻ ആരോസിനായും മിനേർവ പഞ്ചാബിനായും കളിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലും ജീക്സൻ ഉണ്ട്. 2017ലെ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി ഗോൾ നേടാൻ ജീക്സനായിരുന്നു.