ഏഷ്യൻ ശക്തികളായ ജപ്പാന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾക്ക് വൻ തിരിച്ചടി. ആദ്യ മത്സരത്തിൽ ജർമ്മനിയെ അട്ടിമറിച്ച ജപ്പാൻ എന്നാൽ ഇന്ന് കോസ്റ്റാറിക്കയോട് പരാജയപ്പെട്ടു. വിജയിച്ചിരുന്നു എങ്കിൽ പ്രീക്വാർട്ടർ ഏതാണ്ട് ഉറപ്പായിരുന്ന മത്സരത്തിൽ ജപ്പാൻ മറുപടിയില്ലാത്ത ഒരു ഗോളിന് കോസ്റ്റാറിക്കയോട് പരാജയപ്പെടുക ആയിരുന്നു.
ജർമ്മനിയെ ഞെട്ടിച്ച ജപ്പാനെ അല്ല ഇന്ന് കോസ്റ്ററിക്കയ്ക്ക് എതിരെ കണ്ടത്. ആദ്യ പകുതിയിൽ ജപ്പാനിൽ നിന്ന് ഒരു നല്ല നീക്കം പോലും വന്നില്ല. വിജയത്തിനായുള്ള വലിയ ശ്രമങ്ങളും ജപ്പാൻ നിരയിൽ നിന്ന് വന്നില്ല. കോസ്റ്ററിക്കയും കാര്യമായി അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല. രണ്ടാം പകുതിയിൽ ആണ് ജപ്പാൻ കുറച്ചു കൂടെ അറ്റാക് ചെയ്യാൻ തുടങ്ങിയത്.
ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് തൊടുക്കാൻ ആവാതിരുന്ന ജപ്പാൻ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ട് ഷോട്ടുകൾ ടാർഗറ്റിലേക്ക് തൊടുത്തു. രണ്ട് ഗോളായില്ല. കൃത്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ആകാത്തതോടെ ജപ്പാൻ കഴിഞ്ഞ കളിയിൽ സബ്ബായി എത്തി തിളങ്ങിയ മിറ്റോമയെ കളത്തിൽ ഇറക്കി.
ജപ്പാന്റെ അലസമായ പ്രകടനം അവർക്ക് തന്നെ തിരിച്ചടിയായി. 82ആം മിനുട്ടിൽ കോസ്റ്ററിക്ക അവരുടെ ഈ ലോകകപ്പിലെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റിലൂടെ കോസ്റ്റാറിക്ക ഗോൾ നേടി. ഫുള്ളറിന്റെ ഇടംകാലൻ ഷോട്ട് ആണ് കോസ്റ്ററികയ്ക്ക് ലീഡ് നൽകിയത്.
ഇതിനു ശേഷം ജപ്പാൻ കളിയിലേക്ക് തിരികെവരാൻ ശ്രമിച്ചു. 90ആം മിനുട്ടിൽ കമാഡയുടെ ഷോട്ട് നെവസ് തടഞ്ഞതോടെ ജപ്പാന്റെ പ്രതീക്ഷകൾ അസ്തമിച്ചു.
ഈ മത്സരഫലത്തോടെ 2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ജപ്പാനും കോസ്റ്ററികയ്ക്കും 3 പോയിന്റ് വീതമാണ് ഉള്ളത്. അവസാന മത്സരത്തിൽ കോസ്റ്ററിക ജർമ്മനിയെയും ജപ്പാൻ സ്പെയിനെയും നേരിടും.