ജനുവരി 15നു വിരാട് കോഹ്‍ലിയ്ക്ക് ഏറെ പ്രത്യേകതയുള്ള ദിവസമായി മാറിയിരിക്കുകയാണെന്നാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ താരത്തിന്റെ ഈ ദിവസത്തെ പ്രകടനം വിലയിരുത്തിയാല്‍ മനസ്സിലാകുക. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജനുവരി 15നു ഒരു ശതകവുമായാണ് വിരാട് ക്രീസില്‍ നിന്ന് മടങ്ങുന്നത്. ഇന്നലെ 104 റണ്‍സ് നേടി ഇന്ത്യയുടെ 6 വിക്കറ്റ് വിജയത്തിനു അടിത്തറ പാകുമ്പോള്‍ കോഹ്‍ലി ഇത് മൂന്നാം വര്‍ഷമാണ് ജനുവരി 15നു ശതകം സ്വന്തമാക്കുന്നത്.
2017ല്‍ പൂനെയിലായിരുന്നു കോഹ്‍ലിയുടെ ശതകം. അന്ന് ഇംഗ്ലണ്ടിനെതിരെ 122 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ ജനുവരി 15നു നേടിയത്. പിറ്റേ വര്‍ഷം ജനുവരി 15നു ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചൂറിയണില്‍ 153 റണ്‍സ് നേടിയ കോഹ്‍ലി 2019ല്‍ അഡിലെയ്ഡില്‍ തന്റെ ശതകം നേടുന്ന പതിവു തുടര്‍ന്നു.