ജംഷദ്പൂരും എഫ് സി ഗോവയും തമ്മിലുള്ള ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. 1-1 നിലയിലാണ് സ്കോർ ഉള്ളത്. സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്ന ജംഷദ്പൂർ തന്നെയാണ് കളിയിൽ ആധിപത്യം കാണിക്കുന്നത്. പക്ഷെ നിരവധി അവസരങ്ങൾ തുലച്ചു കളഞ്ഞത് ജംഷദ്പൂരിന് വിനയായി. കോറോ ഇല്ലാതെ ഇറങ്ങിയ എഫ് സി ഗോവയ്ക്ക് സീസണിൽ ഇതുവരെ കളിച്ച വേഗതയിൽ കളിക്കാനും ആകുന്നില്ല.
16ആം മിനുട്ടിൽ സൂസൈരാജ് ആയിരുന്നു ജംഷദ്പൂരിന് ലീഡ് നൽകിയത്. ഒരു കോർണർ ക്ലിയർ ചെയ്യാൻ ഗോവൻ ഡിഫൻസിന് പറ്റാതെ വന്നപ്പോൾ കിട്ടിയ അവസരം മുതലെടുത്ത് സൂസൈരാജ് ലക്ഷ്യം കാണുകയായിരുന്നു. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സൂസൈരാജ് ഗോൾ നേടുന്നത്. 32ആം മിനുട്ടിൽ എഫ് സി ഗോവയുടെ സമനില ഗോൾ പിറന്നതും സെറ്റ് പ്ലേയിൽ നിന്നായിരുന്നു. മൗർടാഡ ഫാൾ ആണ് ഗോവൻ ഗോൾ നേടിയത്. എഡു ബേഡിയയുടെ ഒരു ഫ്ലിക്ക് ഹെഡർ സെനഗലീസ് താരം എളുപ്പത്തിൽ തല കൊണ്ട് ജംഷദ്പൂർ വലയിൽ എത്തിക്കുയായിരുന്നു.