എ.ടി.കെയെ ഏകപക്ഷീയമായ ഒരു ഗോളിന് മലർത്തിയടിച്ച് ജാംഷെഡ്പൂർ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ട്രിൻഡാഡെ ഗോൺസാൽവസിന്റെ പെനാൽറ്റി ഗോളിൽ ആണ് ജാംഷെഡ്പൂർ എ.ടി.കെയെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ജാംഷെഡ്പൂരിൻ ഒരു ഗോൾ മാത്രമേ മത്സരത്തിൽ നേടാനായുള്ളു.
ടെഡി ഷെറിങ്ഹാമിന് പകരം പരിശീലക സ്ഥാനത്ത് എത്തിയ ആഷ്ലി വെസ്റ്റ് വുഡിന് രണ്ടാമത്തെ മത്സരവും തോൽക്കാനായിരുന്നു വിധി. പരിക്കും മോശം ഫോമും തളർത്തിയ എ.ടി.കെക്ക് സെമി സാധ്യതകൾ വിദൂരമാണ്. എ.ടി.കെ ഗോൾ കീപ്പർ ദേബ്ജിത്തിന്റെ മികച്ച പ്രകടനമാണ് പലപ്പോഴും ഗോൾ വഴങ്ങുന്നതിൽ നിന്ന് എ.ടി.കെയുടെ രക്ഷക്കെത്തിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിത സമനിലയിലായിരുന്നു.
തുടർന്ന് രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ഗതി നിർണയിച്ച ഗോൾ പിറന്നത്. വലത് ഭാഗത്ത് നിന്ന് പന്തുമായി കുതിച്ച ട്രിൻഡാഡെ ഗോൺസാൽവസിനെ ഹിതേഷ് ശർമ്മ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിനു ആണ് മത്സരത്തിന്റെ 66ആം മിനുട്ടിൽ റഫറി ജാംഷെഡ്പൂരിന് അനുകൂലമായി പെനാൽറ്റി അനുവദിച്ചത്. പെനാൽറ്റി എടുത്ത ട്രിൻഡാഡെ ഗോൺസാൽവസ് എ.ടി.കെ ഗോൾ കീപ്പർക്ക് ഒരു അവസരവും നൽകാതെ വലയിലാക്കുകയായിരുന്നു.
ഗോൾ തിരിച്ചടിക്കാൻ എ.ടി.കെ ശ്രമം നടത്തിയെങ്കിലും അനസിന്റെ നേതൃത്വത്തിലുള്ള ജാംഷെഡ്പൂർ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തതോടെ തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽക്കാനായിരുന്നു എ.ടി.കെയുടെ വിധി.
ജയത്തോടെ ജാംഷെഡ്പൂർ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിനും ഡെൽഹിക്കും മുകളിൽ അഞ്ചാം സ്ഥാനത്തെത്തി. തോൽവിയോടെ എ.ടി.കെ എട്ടാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial