ബാബര്‍ അസമിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സും പാക്കിസ്ഥാന് തുണയായില്ല. ബാബര്‍ അസമിന്റെ 158 റൺസിന്റെയും മുഹമ്മദ് റിസ്വാന്‍(74), ഇമാം ഉള്‍ ഹക്ക്(56) എന്നിവരുടെയും ബലത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 331 റൺസ് നേടിയ പാക്കിസ്ഥാന്റെ സ്കോറിനെ 48 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഇംഗ്ലണ്ട്.
ജയത്തോടെ പരമ്പര വൈറ്റ് വാഷ് ചെയ്താണ് ഇംഗ്ലണ്ടിന്റെ രണ്ടാം നിര പാക്കിസ്ഥാനെ നാണംകെടുത്തിയത്. ജെയിംസ് വിന്‍സ്, ലൂയിസ് ഗ്രിഗറി എന്നിവരുടെ ഇന്നിംഗ്സിന് തുണയായി ഫിലിപ്പ് സാള്‍ട്ട്(37), സാക്ക് ക്രോളി(39), ബെന്‍ സ്റ്റോക്സ്(32) എന്നിവരും മികവ് പുലര്‍ത്തിയപ്പോള്‍ 165/5 എന്ന നിലയിലേക്ക് ഇന്നിംഗ്സ് പകുതിയായപ്പോള്‍ വീണ ഇംഗ്ലണ്ട് അവിശ്വസനീയമായ വിജയം പിടിച്ചെടുക്കുന്നതാണ് കണ്ടത്. മേൽപ്പറഞ്ഞ ബാറ്റ്സ്മാന്മാരെല്ലാം കുറഞ്ഞ ബോളുകളിൽ കൂടുതൽ റൺസ് നേടി റൺ ചേസ് സജീവമാക്കി നിര്‍ത്തുകയായിരുന്നു.
ആറാം വിക്കറ്റിൽ ജെയിംസ് വിന്‍സും ലൂയിസ് ഗ്രിഗറിയും ചേര്‍ന്ന് നേടിയ 129 റൺസാണ് മത്സരത്തിലെ ടേണിംഗ് പോയിന്റ്. വിന്‍സ് 95 പന്തിൽ 102 റൺസ് നേടിയപ്പോള്‍ ലൂയിസ് ഗ്രിഗറി 69 പന്തിൽ 77 റൺസാണ് നേടിയത്. വിന്‍സ് – ഗ്രിഗറി കൂട്ടുകെട്ട് പുറത്തായ ശേഷവും 29 റൺസായിരുന്നു ഇംഗ്ലണ്ട് നേടേണ്ടിയിരുന്നത്.
ക്രെയിഗ് ഓവര്‍ട്ടണും(18*) – ബ്രൈഡൺ കാര്‍സും(12) ചേര്‍ന്ന് എട്ടാം വിക്കറ്റിൽ ഈ റൺസ് നേടി പാക്കിസ്ഥാന്റെ പ്രതീക്ഷകളെ ഇല്ലാതാക്കുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് നാലും ഷദബ് ഖാന്‍ രണ്ടും വിക്കറ്റ് നേടി. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടിനെ 165/5 എന്ന നിലയിലേക്ക് തള്ളിയിട്ട ശേഷം പിന്നീട് മത്സരം പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ കൈവിടുന്നതാണ് ഏവരും കണ്ടത്.