ബെനിക്സ് സിസിയ്ക്കെതിരെ 128 റണ്‍സ് വിജയം സ്വന്തമാക്കി സഫയര്‍ സിസി. ഇന്ന് നടന്ന സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച സഫയറിനു വേണ്ടി ജാക്സണ്‍ ക്ലീറ്റസ് തകര്‍പ്പന്‍ ശതകം നേടുകയായിരുന്നു. അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ സഫയറിനെ ജാക്സണ്‍ ക്ലീറ്റസിന്റെ ഇന്നിംഗ്സാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ശിവകൃഷ്ണന്റെ ഇരട്ട പ്രഹരത്തില്‍ 0/2 എന്ന നിലയിലേക്ക് വീണ സഫയര്‍ മൂന്നാം വിക്കറ്റില്‍ 124 റണ്‍സാണ് നേടിയത്. ക്ലീറ്റസ് 49 പന്തില്‍ നിന്ന് 100 റണ്‍സ് നേടി പുറത്തായി. 9 ബൗണ്ടറിയും 8 സിക്സും അടങ്ങിയതായിരുന്നു ജാക്സണ്‍ ക്ലീറ്റസിന്റെ ഇന്നിംഗ്സ്. അല്‍ അമീന്‍(31), അര്‍ജ്ജുന്‍(23), രാഹുല്‍(21) എന്നിവരുടെയും ഇന്നിംഗ്സിന്റെ ബലത്തില്‍ 28 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ സഫയര്‍ 248 റണ്‍സ് നേടി. ബെനിക്സിനു വേണ്ടി ശിവകൃഷ്ണന്‍ നാല് വിക്കറ്റാണ് വീഴ്ത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബെനിക്സ് 120 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ മാത്യു ആണ് സഫയര്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. മാത്യുവിനു മികച്ച പിന്തുണയുമായി സുല്‍ഫികര്‍, അദ്വൈത് ഉമാശങ്കര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 36 റണ്‍സ് നേടിയ ശരത് ശ്രീകണ്ഠന്‍ നായര്‍ ആണ് ബെനിക്സ് നിരയിലെ ടോപ് സ്കോറര്‍. ടിജി അരുണ്‍ 30 റണ്‍സ് നേടി.
ടൂര്‍ണ്ണമെന്റില്‍ രണ്ടാം ശതകം നേടുന്ന ജാക്സണ്‍ ക്ലീറ്റസ് ആണ് കളിയിലെ താരം. മുമ്പ് ക്രിക്കറ്റ് അക്കാദമി തിരുവനന്തപുരത്തിനെതിരെയും സഫയറിന്റെ വിജയത്തില്‍ ശതകവുമായി ക്ലീറ്റസ് തിളങ്ങിയിരുന്നു. അന്ന് 65 പന്തില്‍ നിന്ന് 114 റണ്‍സാണ് ജാക്സണ്‍ ക്ലീറ്റസ് സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial