ആവേശപ്പോരാട്ടത്തിനൊടുവില്‍ സീറോസ്, നിര്‍ണ്ണായകമായത് അനൂപ് ഉണ്ണികൃഷ്ണന്റെ ഇന്നിംഗ്സ്

- Advertisement -

ആവേശകരമായ മത്സരത്തില്‍ ആഷസ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ഒരു വിക്കറ്റ് ജയം നേടി സീറോസ്. അനൂപ് ഉണ്ണികൃഷ്ണന്‍ നേടിയ 61 റണ്‍സിന്റെ ബലത്തിലാണ് വിജയലക്ഷ്യമായ 157 റണ്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ സീറോസിനു നേടാനായത്. നേരത്തെ ബൗളിംഗിലും അനൂപ് നാല് വിക്കറ്റുമായി മികവ് പുലര്‍ത്തിയിരുന്നു. അനൂപിനു പുറമേ 18 റണ്‍സ് നേടി പുറത്താകാതെ നിന്ന ധനീഷ് 16 റണ്‍സ് നേടിയ ശങ്കര രാജന്‍ എന്നിവരും നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. 27 ഓവറിലാണ് സീറോസ് ലക്ഷ്യം മറികടന്നത്. ആഷസിനു വേണ്ടി പ്രദീപ് 5 വിക്കറ്റ് നേടി. 38/4 എന്ന നിലയില്‍ നിന്ന് അനൂപ്-അനുരാഗ് കൂട്ടുകെട്ടാണ് സ്കോര്‍ നൂറ് കടക്കാന്‍ സീറോസിനെ സഹായിച്ചത്. അനുരാഗ് 25 റണ്‍സ് നേടി പുറത്തായി. എട്ടാം വിക്കറ്റില്‍ നിര്‍ണ്ണായക കൂട്ടുകെട്ട് നേടി ശങ്കര രാജനും-ധനീഷും സീറോസിനെ വിജയത്തിനു അരികെ എത്തിച്ചു. 27ാം ഓവര്‍ എറിഞ്ഞ പ്രദീപ് ശങ്കര രാജനെയും സുനീഷിനെയും പുറത്താക്കി സീറോസിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും അജുമല്‍ സിംഗില്‍ നേടി ടീമിനു ജയം സമ്മാനിച്ചു.

നേരത്തെ ടോസ് നേടിയ സീറോസ് ആഷസിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 82/7 എന്ന നിലയില്‍ നിന്ന് എട്ടാം വിക്കറ്റില്‍ നന്ദഗോപന്‍(25)-റമീസ് ഷാജഹാന്‍(33) കൂട്ടുകെട്ടാണ് ആഷസിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ഷംനാദ് 25 റണ്‍സ് നേടി. അനൂപ് ഉണ്ണികൃഷ്ണന്‍ ബൗളിംഗില്‍ നാല് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement