കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരങ്ങളിൽ ഇവാൻ കലിയുഷ്നി ആയിരുന്നു ആദ്യ മത്സരത്തിൽ താരമായി മാറിയത്. അന്ന് ഇറങ്ങിയ മറ്റു വിദേശ താരങ്ങളുടെ പ്രകടനങ്ങളിലും താൻ തൃപ്തൻ ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു. ആദ്യ മത്സരത്തിലെ വിജയത്തിൽ അവർ എല്ലാം സംഭാവന ചെയ്തിട്ടുണ്ട് എന്ന് കോച്ച് പറഞ്ഞു.

ഇപ്പോൾ എല്ലാ വിദേശ താരങ്ങളും ഫിറ്റ്നസിന്റെ കാര്യത്തിൽ മികച്ച നിലയിൽ ആണ്. എല്ലാവർക്കും പുതിയ ടീമും സഹ താരങ്ങളുമായി ഇണങ്ങാൻ സമയം വേണ്ടി വരും. അതു മാത്രമാണിത്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗുകൾ എല്ലാം അവർ എന്തിനാണ് ഇവിടെ വന്നത് എന്ന് കാണിച്ചു തരും എന്ന് കോച്ച് ഇവാൻ ആത്മവിശ്വാസത്തോടെ പറയുന്നു.
ഒരോ ചുവട് വെച്ച് അവർ മുന്നോട്ട് പോവുകയാണ്. സീസണിലെ ആദ്യ മത്സരം ആർക്കും എളുപ്പം ആയിരിക്കില്ല. പുതിയ താരങ്ങൾ മാത്രമല്ല കഴിഞ്ഞ സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്ന താരങ്ങൾ വരെ പുതിയ സാഹചര്യവും കലൂരിലെ ഗ്രൗണ്ടുമായെല്ലാം ഇണങ്ങാൻ സമയം എടുക്കുന്നുണ്ട് എന്നും കോച്ച് പറഞ്ഞു.














