ഔദ്യോഗിക പ്രഖ്യാപനം എത്തി, സിഞ്ചെങ്കോ ഇനി ആഴ്‌സണൽ താരം

Wasim Akram

മാഞ്ചസ്റ്റർ സിറ്റിയുടെ യുക്രെയ്ൻ താരം അലക്‌സ് സിഞ്ചെങ്കോയെ ടീമിൽ എത്തിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ചു ആഴ്‌സണൽ. അമേരിക്കയിൽ പ്രീ സീസൺ ചിലവഴിക്കുന്ന ആഴ്‌സണലിന് ഒപ്പം സിഞ്ചെങ്കോ ചേർന്നു. ഏതാണ്ട് 30 മില്യൺ യൂറോക്ക് നാലു വർഷത്തേക്ക് ആണ് ഇടത് ബാക്ക് ആയ താരം ആഴ്‌സണലിൽ കരാർ ഒപ്പിട്ടത്. ഈ സീസണിൽ ടീം ശക്തമാക്കാൻ ഉറച്ച ആഴ്‌സണൽ ടീമിൽ എത്തിക്കുന്ന അഞ്ചാമത്തെ താരം ആണ് സിഞ്ചെങ്കോ.

Img 20220722 Wa0240

പ്രതിരോധത്തിലും മധ്യനിരയിലും കളിക്കാൻ സാധിക്കുന്ന താരത്തിന്റെ മികവ് ടീമിന് മുതൽകൂട്ട് ആവും എന്നാണ് പരിശീലകൻ മൈക്കിൾ ആർട്ടെറ്റ പ്രതികരിച്ചത്. താരത്തെ ടീമിൽ എത്തിക്കുക എന്നത് ആഴ്‌സണലിന്റെ വലിയ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു എന്നാണ് ടെക്നിക്കൽ ഡയറക്ടർ എഡു പ്രതികരിച്ചത്. ടീമിൽ എത്താൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും ചെറുപ്പത്തിൽ താൻ ഒരു ആഴ്‌സണൽ ആരാധകൻ ആയിരുന്നു എന്നതിനാൽ ഇത് സ്വപ്നം യാഥാർത്ഥ്യം ആവുക ആണ് എന്നുമാണ് സിഞ്ചെങ്കോ പ്രതികരിച്ചത്. തന്റെ മുൻ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയോടും ആരാധകരോടും താരം നന്ദിയും രേഖപ്പെടുത്തി.