വിജയിക്കാൻ മാത്രം അറിയുന്ന മാഞ്ചിനിയുടെ അസൂറികൾ, പരാജയപ്പെട്ടെങ്കിലും വെയിൽസ് പ്രീക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലിക്ക് വിജയിക്കാൻ മാത്രമെ അറിയു എന്ന് വേണം കരുതാൻ. അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപരാജിത കുതിപ്പ് എന്ന റെക്കോർഡ് എഴുതി വെയിൽസിനെയും ഇറ്റലി ഇന്ന് പരാജയപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒരുപാട് മാറ്റങ്ങളുമായി ഇറങ്ങിയിട്ടും വെയിൽസിനെ തോല്പ്പിക്കാൻ ഇറ്റലിക്കായി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ വിജയം. ഇന്ന് പരാജയപ്പെട്ടു എങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ വെയിൽസ് പ്രീക്വാർട്ടറിൽ എത്തി. ഗോൾ ഡിഫറൻസാണ് വെയിൽസിന് സഹായമായത്.

ഇന്ന് ഇറ്റലിക്ക് ചെറിയ വെല്ലുവിളി നൽകാൻ വെയിൽസിനായി എങ്കിലും ഇറ്റലിയുടെ ആക്രമണങ്ങൾ തന്നെയാണ് കൂടുതലും കണ്ടത്. ബെലോട്ടിയും ബസ്റ്റോണിയും ഒക്കെ തുടക്കത്തിൽ തന്നെ വെയിൽസിനെ പരീക്ഷിച്ചു. പക്ഷെ ഡാനി വാർഡ് വെയിൽസ് ഗോൾ ലൈനിൽ മികച്ചു നിന്നു. 27ആം മിനുട്ടിൽ റാംസിക്ക് ഒരു അവസരം ലഭിച്ചു എങ്കിലും താരത്തിന് അത് മുതലെടുക്കാൻ ആയില്ല. 39ആം മിനുട്ടിലാണ് ഇറ്റലിയുടെ ഗോൾ വരുന്നത്. ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു ഗോൾ.

വെറട്ടി എടുത്ത ഫ്രീകിക്ക് സമർത്ഥമായി പെസ്സിനി വലയിൽ എത്തിച്ചു. ട്രെയിനിങ് ഗ്രൗണ്ടിൽ കാണുന്ന തരത്തിൽ ആയിരുന്നു ആ ഫ്രീകിക്കിലെ നീക്കം. രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും മനോഹരമായി ഒരു ഫ്രീകിക്ക് ഇറ്റലി വർക്ക് ചെയ്യുന്നത് കാണാൻ കഴിഞ്ഞു. എന്നാൽ 53ആം മിനുട്ടിൽ ബെർണടെസ്കി എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി. 55ആം മിനുട്ടിൽ യുവതാരം അമ്പഡു ചുവപ്പ് കണ്ട് കളം വിട്ടത് വെയിൽസിന്റെ പോരാട്ടത്തിന്റെ വീര്യം കുറച്ചു.

ബെർണടസ്കിയെ ഫൗൾ ചെയ്തതിനായിരുന്നു ചുകപ്പ് കാർഡ്. ഫൗൾ ആയിരുന്നു എങ്കിലും ചുവപ്പ് കാർഡ് കടുത്തതായെന്ന് വെയിൽസ് വാദിച്ചു. ചുവപ്പിനു ശേഷം അധികം ഗോൾ വഴങ്ങാതെ കളി അവസാനിപ്പിക്കാൻ വെയിൽസിനായി.

ഈ വിജയത്തോടെ ഇറ്റലി ഒമ്പതു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു. 4 പോയിന്റുള്ള വെയിൽസ് രണ്ടാമതും നാലു പോയിന്റ് തന്നെയുള്ള സ്വിറ്റ്സർലാന്റ് മൂന്നമാതും ഫിനിഷ് ചെയ്തു. ഇരു ടീമുകളും കളിച്ചപ്പോൾ സമനില ആയതിനാൽ ഗോൾ ഡിഫറൻസിന്റെ അടിസ്ഥാനത്തിലാണ് വെയിൽസ് രണ്ടാമത് ഫിനിഷ് ചെയ്തത്. ഇറ്റലിയും വെയിൽസും പ്രീക്വാർട്ടർ യോഗ്യത ഉറപ്പിച്ചു. സ്വിറ്റ്സർലാന്റിന് ഇനി മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ഉറപ്പിക്കാനായി കാത്തിരിക്കണം. 6 ഗ്രൂപ്പുകൾ ഉള്ള യൂറോയിൽ നാലു മികച്ച മൂന്നാം സ്ഥനക്കാരാണ് പ്രീക്വാർട്ടർ യോഗ്യത നേടുക.