ഷഖീരിയുടെ മഴവില്ല്, തുർക്കിയെ സമ്പൂജ്യരാക്കി പ്രീക്വാർട്ടർ പ്രതീക്ഷകൾ കാത്ത് സ്വിറ്റ്സർലാന്റ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തുർക്കിക്ക് ഈ യൂറോ കപ്പ് ഓർക്കാൻ കൂടെ താല്പര്യമുണ്ടാകില്ല. യൂറോ കപ്പിലെ കറുത്ത കുതിരകളാകും എന്ന് കരുതിയ തുർക്കി സമ്പൂർണ്ണ പരാജയവുമായി മടങ്ങുകയാണ്. ഇന്ന് സ്വിറ്റ്സർലാന്റിനോടും ഏകപക്ഷീയ പരാജയം തന്നെ തുർക്കി ഏറ്റുവാങ്ങി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സ്വിറ്റ്സർലാന്റ് വിജയം. വെയിൽസിനൊപ്പം നാലു പോയിന്റിൽ എത്താൻ സ്വിറ്റ്സർലാന്റിന് ആയെങ്കിലും രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് യോഗ്യത ഉറപ്പിക്കാൻ സ്വിസ്സ് ടീമിനായില്ല. എന്നാൽ മികച്ച മൂന്നാം സ്ഥാനക്കാരായായി സ്വിറ്റ്സർലാന്റ് പ്രീക്വാർട്ടറിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ന് ഒരു തുർക്കി അറ്റാക്കോടെയാണ് മത്സരം ആരംഭിച്ചത്. നാലാം മിനുട്ടിൽ ഐഹാന്റെ സുന്ദരമായ ഷോട്ട് യാൻ സൊമ്മർ ഒരു ഫുൾ ഡൈവിലൂടെ ആണ് രക്ഷപ്പെടുത്തിയത്. പക്ഷെ അതിനു ശേഷം സ്വിറ്റ്സർലാന്റ് അറ്റാക്കുകൾ വന്നു. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള രണ്ടു ഗോളുകൾ അവരെ 26ആം മിനുട്ടിലേക്ക് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിച്ചു. ആറാം മിനുട്ടിൽ സെഫറോവിചിന്റെ വക ആയിരുന്നു ആദ്യ ഗോൾ. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് പന്ത് എടുത്ത് വട്ടം കറങ്ങി സെഫറോവിച് എടുത്ത ഷോട്ട് തടയാൻ കാകിറിനായില്ല.

മറുവശത്ത് 16ആം മിനുട്ടിൽ സോമ്മർ വീണ്ടും സ്വിസ്സ് രക്ഷയ്ക്ക് എത്തി. മുൾദറിന്റെ ഷോട്ടാണ് ഇത്തവണ സ്വിസ്സ് ഗോളി സേവ് ചെയ്തത്. 26ആം മിനുട്ടിൽ ആണ് ടൂർണമെന്റ് തുടങ്ങിയത് മുതൽ ഏവരും കാത്തിരുന്ന ഷഖീരിയുടെ ഗോൾ വന്നത്. എന്നും ഇടം കാലിൽ ഗംഭീര ഗോളുകൾ നേടുന്ന ഷഖീരി ഇന്ന് ബോക്സിന് പുറത്ത് നിന്ന് വലം കാലു കൊണ്ട് ഒരു മഴവില്ല് കൊത്തി തുർക്കി വലയിൽ ഇട്ടു. തുർക്കി കളിയിലേക്ക് തിരികെവരാൻ പല തവണയായി ശ്രമിച്ചു എങ്കിലും അപ്പോഴൊക്കെ സോമ്മർ മതിലായി നിന്നു.

രണ്ടാം പകുതിയിൽ 62ആം മിനുട്ടിലാണ് തുർക്കി മറുപടിയായി ഒരു ഗോൾ കണ്ടെത്തിയത്. ഇർഫാൻ കഹ്വെകിയുടെ വക ആയിരുന്നു ഗോൾ. ഹകൻ ചാഹങ്കു നൽകിയ പാസ് സ്വീകരിച്ചായിരുന്നു ഇർഫാന്റെ ഗോൾ. തുർക്കിയുടെ ടൂർണമെന്റിലെ ആദ്യ ഗോളായിരുന്നു ഇത്. തുർക്കിക്ക് വന്ന ചെറിയ പ്രതീക്ഷ ഷഖീരി പെട്ടെന്ന് തന്നെ തല്ലിക്കെടുത്തി. ഇത്തവണ ഷഖീരിയുടെ ഇടം കാലാണ് തുർക്കി വല തുളച്ചത്. ഈ വിജയം പ്രീക്വാർട്ടർ ഉറപ്പിക്കും എന്ന് തന്നെയാകും സ്വിറ്റ്സർലാന്റ് പ്രതീക്ഷിക്കുന്നത്.

ഗ്രൂപ്പ് എയിൽ ഇറ്റലി ഒമ്പതു പോയിന്റുമായി ഒന്നാമത് ഫിനിഷ് ചെയ്തു. 4 പോയിന്റുള്ള വെയിൽസ് രണ്ടാമതും നാലു പോയിന്റ് തന്നെയുള്ള സ്വിറ്റ്സർലാന്റ് മൂന്നമാതും ഫിനിഷ് ചെയ്തു. ഇരു ടീമുകളും കളിച്ചപ്പോൾ സമനില ആയതിനാൽ ഗോൾ ഡിഫറൻസിന്റെ അടിസ്ഥാനത്തിലാണ് വെയിൽസ് രണ്ടാമത് ഫിനിഷ് ചെയ്തത്. ഇറ്റലിയും വെയിൽസും പ്രീക്വാർട്ടർ യോഗ്യത ഉറപ്പിച്ചു. സ്വിറ്റ്സർലാന്റിന് ഇനി മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ഉറപ്പിക്കാനായി കാത്തിരിക്കണം. 6 ഗ്രൂപ്പുകൾ ഉള്ള യൂറോയിൽ നാലു മികച്ച മൂന്നാം സ്ഥനക്കാരാണ് പ്രീക്വാർട്ടർ യോഗ്യത നേടുക.