ഇറ്റാലിയൻ യുവതാരത്തെ ടീമിൽ എത്തിക്കാൻ പിഎസ്ജി

20220705 114918

സസ്സുളോയുടെ ഇറ്റാലിയൻ യുവതാരം ജിയാൻലൂക്കാ സ്കമാക്കയെ ടീമിൽ എത്തിക്കാൻ പിഎസ്ജി. ടീമുകൾ തമ്മിൽ ചർച്ചകൾ നടത്തുന്നതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.ഏകദേശം അൻപത് മില്യൺ യൂറോയാണ് സസ്സുളോ തങ്ങളുടെ താരത്തിനെ കൈമാറുന്നതിന് വേണ്ടി പ്രതീക്ഷിക്കുന്നത്.

2017ലാണ് പി എസ് വി യൂത്ത് ടീമിൽ നിന്നും താരം സസ്സുളോയിൽ എത്തുന്നത്. പിന്നീട് വിവിധ ടീമുകൾക്ക് വേണ്ടി ലോണിൽ കളിച്ചു.അവസാന സീസണിൽ സസ്സുളോ ടീമിലെ സ്ഥിരക്കാരൻ ആയിരുന്നു. സീസണിൽ മുപ്പത്തി എട്ട് മത്സരങ്ങളിൽ നിന്നും പതിനാറു ഗോളുകൾ നേടാൻ ഇരുപത്തിമൂന്ന്കാരന് സാധിച്ചു.

വമ്പൻ പേരുകൾക്ക് പിറകെ പോകുന്ന ശീലം പിഎസ്ജി ഇതോടെ മാറ്റിയെടുക്കുകയാണ്. ലൂയിസ് കാമ്പോസ് ടീം ഡയറക്ടർ ആയി ചുമതല ഏറ്റെടുത്ത ശേഷം കൂടാരത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചവരിൽ പ്രതിഭക്കൊപ്പം യുവത്വം കൂടി പരിഗണിച്ചിരുന്നു. വിടിഞ്ഞ, റെനേറ്റോ സാഞ്ചസ്,സ്കമാക്ക എന്നിവർക്ക് വേണ്ടി തുടക്കത്തിൽ തന്നെ നീക്കുപോക്കുകൾ നടത്തിയ ലൂയിസ് കാമ്പോസ് നൽകുന്ന സൂചന വ്യക്തമാണ്. ടീമിന്റെ ഭാവി കൂടി ലക്ഷ്യമിട്ടാണ് ട്രാൻസ്ഫർ മാർക്കറ്റിൽ പാരീസ് വമ്പന്മാർ ഇറങ്ങുന്നത്.ഒപ്പം ടീം ശക്തിപ്പെടുത്താൻ സ്‌ക്രിനിയറിനെ പോലെ അനുഭവസമ്പത്തുള്ള താരങ്ങൾക്ക് വേണ്ടിയും പിഎസ്ജി ശ്രമിക്കുന്നു.