മാരിയോ ഗിലയെ കൈമാറാൻ റയൽ,താരം ലാസിയോയിൽ എത്തും

റയൽ മാഡ്രിഡ് യൂത്ത് ടീം താരം മാരിയോ ഗില ലാസിയോയിൽ എത്തുമെന്ന് ഉറപ്പായി. താരത്തെ കൈമാറാൻ ഉള്ള കരാറിൽ ഇരു ടീമുകളും എത്തി.ലാസിയോയുമായി താരം വ്യക്തിപരമായ കരാറിലും എത്തിയിട്ടുണ്ട്. ഏകദേശം ആറു മില്യൺ യൂറോയാണ് തങ്ങളുടെ ഭാവി താരങ്ങളിൽ ഒരാളായി റയൽ കണക്കാക്കുന്ന ഗിലയെ കൈമാറുന്നതിലൂടെ റയലിന് ലഭിക്കുക.

എസ്പാന്യോൾ യൂത്ത് ടീമുകളിൽ നിന്നും മാഡ്രിഡിലെത്തിയ താരം മാഡ്രിഡിന്റെ അണ്ടർ 19, യൂത്ത് ടീമായ കാസ്റ്റിയ്യ ടീമുകളിലൂടെ വളർന്ന താരമാണ്. അവസാന സീസണിൽ സീനിയർ ടീമിനായും അരങ്ങേറാൻ കഴിഞ്ഞു.

താരത്തെ കൈമാറി എങ്കിലും താരത്തിന്റെ 50% ഉടമസ്ഥത റയലിന്റെ പക്ഷം തന്നെ ആവും. ഇതോടെ ഭാവിയിൽ ഗിലയെ ഭാവിയിൽ തിരിച്ചെത്തിക്കാനും റയലിന് സാധിക്കും. താരത്തിന് വേണ്ടി സ്പാനിഷ് ലീഗിൽ നിന്നും ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. ഗെറ്റാഫെ, സെൽറ്റ വീഗൊ തുടങ്ങി ലാ ലീഗയിലെ തന്നെ ടീമുകൾ പിറകെ വന്നെങ്കിലും ഇറ്റാലിയൻ ലീഗിലേക്ക് പോകാൻ ആയിരുന്നു താരത്തിന്റെയും റയലിന്റെയും തീരുമാനം. യൂത്ത് ടീമിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇരുപത്തിയൊന്ന്കാരന് ലാസിയോയിൽ തന്റെ കഴിവുകൾ കൂടുതൽ തേച്ചു മിനുക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് റയലും.