ലോകകപ്പിലേക്ക് ഇറ്റലി എത്തുമോ? ഇതാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ ഉള്ള ചർച്ച. ലോകകപ്പിന് യോഗ്യത നേടാൻ ആകാതിരുന്ന ഇറ്റലി ലോകകപ്പിലേക്ക് എത്തും എന്ന അഭ്യൂഹങ്ങൾക്ക് കാരണം ഇക്വഡോർ ആണ്. ഇക്വഡോർ ലോകകപ്പ് യോഗ്യത നേടി എങ്കിലും അവരുടെ ഒരു താരത്തെ അനധികൃതമായാണ് ഇക്വഡോർ കളിപ്പിച്ചത് എന്ന പരാതി ആണ് പ്രശ്നമായിരിക്കുന്നത്.
ഒരു കളിക്കാരന്റെ പാസ്‌പോർട്ടിൽ കൃത്രിമം കാണിച്ചതിന് ഇക്വഡോർ 2022 ലോകകപ്പിൽ നിന്ന് പുറത്താക്കപ്പെടും എന്നാണ് സൂചനകൾ. ഇക്വഡോറിലാണ് ജനിച്ചതെന്ന് വരുത്തിത്തീർക്കാൻ ബൈറൺ കാസ്റ്റിലോ എന്ന കളിക്കാരന്റെ ജനന സർട്ടിഫിക്കറ്റിലും പാസ്‌പോർട്ടിലും കൃത്രിമം കാട്ടിയെന്നാണ് പരാതി. കാസ്റ്റില്ലോ യഥാർത്ഥത്തിൽ കൊളംബിയയിലാണ് ജനിച്ചതെന്നും ഇക്വഡോർ പൗരത്വത്തിന് അവകാശമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നാളെയാണ് ഇത് സംബന്ധിച്ച് ഫിഫ അന്തിമ തീരുമാനം എടുക്കുന്നത്. എന്നാൽ ഇക്വഡോർ പുറത്തായാൽ ഇറ്റലിയേക്കാൾ സാധ്യത ചിലിക്ക് ആകും. ഫിഫ ലോക റാങ്കിംഗിൽ ഏറ്റവും ഉയർന്ന ടീമായ ഇറ്റലിയെ ലോകകപ്പിലേക്ക് എടുക്കുന്നതാണ് സ്വാഭാവിക നിയമം. എന്നാൽ വിവാദത്തിലയ്യ കാസ്റ്റിലോ കളിച്ച യോഗ്യതാ മത്സരങ്ങളിൽ ഇക്വഡോർ ചിലിക്ക് എതിരെ പോയിന്റ് നേടിയിരുന്നു. അതുകൊണ്ട് അദ്ദേഹം കളിച്ച ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഉപേക്ഷിച്ച് എതിരാളികൾക്ക് 3 പോയിന്റ് നൽകുക ആകും ഫിഫ ചെയ്യുക. അങ്ങനെ എങ്കിൽ ചിലി ലാറ്റിനമേരിക്കയിൽ നിന്ന് യോഗ്യത നേടും. ലോകകപ്പിൽ ദക്ഷിണ അമേരിക്കൻ ടീമുകളുടെ ബാലൻസ് നിലനിർത്തും എന്നതും ഫിഫ ഇത്തരം ഒരു തീരുമാനം എടുക്കാൻ കാരണമാകും.
ആതിഥേയരായ ഖത്തർ, നെതർലൻഡ്‌സ്, സെനഗൽ എന്നിവരുള്ള ഗ്രൂപ്പ് എയിലായിരുന്നു ഇക്വഡോർ ലോകകപ്പിൽ ഉള്ളത്.