അസൂറിപ്പടയ്ക്ക് മുന്നിൽ ബെൽജിയം വീണു, മാഞ്ചിനിയുടെ ഇറ്റലി യൂറോ കപ്പ് സെമി ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയുടെ അറ്റാക്കിംഗ് ഫുട്ബോളിന് മുന്നിൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം പരാജയപ്പെട്ടു. യൂറോ കപ്പിൽ ഇന്ന് കണ്ട ആവേശകരമായ മത്സരത്തിൽ ബെൽജിയത്തെ തോൽപ്പിച്ച് കൊണ്ട് ഇറ്റലി സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തു. സുന്ദരമായ രണ്ടു ഗോളിന്റെ ബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഇറ്റലി ഇന്ന് വിജയിച്ചത്.

ഇന്ന് മ്യൂണിക്കിൽ തുടക്കം മുതൽ അറ്റാക്കിംഗ് ഫുട്ബോൾ ആണ് കാണാൻ കഴിഞ്ഞത്. ഇരു ടീമുകളും എൻഡ് ടു എൻഡ് അറ്റാക്കുകൾ നടത്തിയ ആദ്യ പകുതിയിൽ 13ആം മിനുട്ടിൽ ഇറ്റലി ആദ്യമായി വലകുലുക്കി. ഒരു ഫ്രീകിക്കിൽ നിന്ന് ബൊണൂചി ആയിരുന്നു ഇറ്റലിക്കായി പന്ത് വലയിൽ എത്തിച്ചത്. എന്നാൽ വാർ ഗോൾ ഓഫ്സൈഡ് ആണെന്ന് വിധിച്ചു. ഇതിനു ശേഷം ബെൽജിയത്തിന്റെ രണ്ടു നല്ല കൗണ്ടർ അറ്റാക്കുകൾ കാണാൻ ആയി.

ആദ്യ ഡി ബ്രുയിന്റെ ഒരു ഇടം കാലൻ ഷോട്ടിൽ വന്ന കേർവിങ് ഷീട്ട് ഡൊണ്ണരുമ്മ മനോഹരമായി തടഞ്ഞു. പിന്നാലെ മറ്റൊരു നീക്കത്തിൽ ലുകാകുവും ഡൊണ്ണരുമ്മയെ പരീക്ഷിച്ചു. ബെൽജിയം കൗണ്ടറുകൾക്കായി കാത്തിരുന്നപ്പോൾ ഇറ്റലി പന്ത് കയ്യിൽ വെച്ചായിരുന്നു ആക്രമിച്ചത്. 31ആം മിനുട്ടിൽ അവർ അതിന്റെ ഗുണവും കണ്ടു. നികോ ബരെല്ല ഇറ്റലിക്ക് ലീഡ് നൽകി. പെട്ടെന്ന് എടുത്ത ഒരു ഫ്രീകിക്കിൽ നിന്ന് തുടങ്ങിയ അറ്റാക്കാണ് ബരെല്ലയിലൂടെ ഗോളായി മാറിയത്.

പിന്നീട് തുടരെ തുടരെ ഇറ്റാലിയൻ അറ്റാക്കുകൾ വന്നു. 44ആം മിനുട്ടിൽ ഇൻസിനെയുടെ ഒരു കണ്ണിന് കുളിർമ്മ നൽകിയ കേർലർ കോർതോയെ മറികടന്ന് ഗോൾ വലയുടെ ടോപ് കോർണറിൽ പതിച്ചു. ഈ യൂറോയിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു ഇത്. കളി ഇറ്റലി കൊണ്ടു പോവുകയാണെന്ന് ഈ ഗോൾ തോന്നിപ്പിച്ചു.

എന്നാൽ തൊട്ടടുത്ത നിമിഷം ബെൽജിയം ഒരു പെനാൾട്ടി നേടി. യുവതാരം ഡൊകുവിനെ ഡി ലൊറെൻസോ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി ലഭിച്ചത്. അത് ലുകാകു ലക്ഷ്യത്തിൽ എത്തിച്ചു. ലുകാലുവിന്റെ ടൂർണമെന്റിലെ നാലാം ഗോളായി ഇത്.

രണ്ടാം പകുതിക്ക് വേഗത കുറവായിരുന്നു എങ്കിലും പതിയെ കളിക്ക് ചൂടുപിടിച്ചു. 60ആം മിനുട്ടിൽ ഇടതുവിങ്ങിലൂടെ ബെൽജിയം നടത്തിയ അറ്റാക്കിന് ഒടുവിൽ പെനാൾട്ടി ബോക്സിൽ വെച്ച് ഡിബ്രുയിൻ ലുകാകുവിന് കൈമാറി. ലുകാകുവിന്റെ ഷോട്ട് സ്പിനസോള തടുത്തില്ലായിരുന്നു എങ്കിൽ ഗോളായെനെ. 70ആം മിനുട്ടിൽ സബ്ബായി എത്തിയ മെർടൻസ് നടത്തിയ ഒരു അറ്റാക്കിന് ഒടുവിൽ ലുകാകുവിന് അവസരം കിട്ടി എങ്കിലും തലനാരിഴക്ക് അദ്ദേഹത്തിന് ഹെഡ് മിസ്സായി.

കളിയുടെ 79ആം മിനുട്ടിൽ ഇറ്റലിയുടെ വിശ്വസ്ത താരം സ്പിനസോള പരിക്കേറ്റ് പുറത്ത് പോയത് അവർക്ക് വലിയ തിരിച്ചടിയായി. ഇനി ഈ ടൂർണമെന്റിൽ സ്പിനസോള കളിക്കില്ല.

83ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് കട്ട് ചെയ്ത് അകത്തേക്ക് കയറിയ ഡോകു ഇറ്റാലിയൻ ഡിഫൻസിനെയാകെ ഡ്രിബിൾ ചെയ്ത് മുന്നേറി ഒരു ഷോട്ട് എടുത്തു എങ്കിലും പന്ത് ഗോൾ പോസ്റ്റിന് മുകളിലൂടെ പുറത്ത് പോയി. ഡോകു ആയിരുന്നു ഇന്ന് ഇറ്റാലിയൻ ഡിഫൻസിനെ ഏറെ ബുദ്ധിമുട്ടിച്ച താരം.

ബെൽജിയത്തിന്റെ അവസാന നിമിഷങ്ങളിലെ ആക്രമണങ്ങളും മികച്ച രീതിയിൽ മറികടന്നു കൊണ്ട് ഇറ്റലി അവസാനം വിജയം ഉറപ്പിച്ചു.വെംബ്ലിയിൽ വെച്ച് നടക്കുന്ന സെമി ഫൈനലിൽ സ്പെയിനെ ആകും ഇറ്റലി നേരിടേണ്ടത്.