എഫ്സി ഗോവയെ വീഴ്ത്തി ജെംഷദ്പൂർ

Jyotish

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയക്കുതിപ്പുമായി ജെംഷദ്പൂർ എഫ്സി. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്സി ഗോവയെ ജെംഷദ്പൂർ എഫ്സി പരാജയപ്പെടുത്തിയത്. ജെംഷദ്പൂരിന് വേണ്ടി ഡാനിയൽ ചിമ ചുക്വുവാണ് ഗോളടിച്ചത്. ഇന്നത്തെ ജയം ഓവൻ കോയ്ലിനും സംഘത്തിനും ടോപ്പ് ഫോറിൽ സ്ഥാനം ഉറപ്പിക്കാൻ സഹായിക്കും. നിലവിൽ 12 കളികളിൽ 22 പോയന്റുമായി ഐഎസ്എല്ലിൽ രണ്ടാം സ്ഥാനത്താണ് ജെംഷദ്പൂർ എഫ്സി.

കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളടിക്കാൻ ചില ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ലക്ഷ്യം കാണാനായില്ല. ഐഎസ്എൽ ആരാധകരുടെ കാത്തിരിപ്പ് 49ആം മിനുട്ടിൽ അവസാനിച്ചു. നൈജീരിയൻ താരം ഡാനിയൽ ചീമ അൻവർ അലിയെ മറികടന്ന് എഫ്സി ഗോവയുടെ വലകുലുക്കി. ഇന്ന് ജെംഷദ്പൂരിന് വേണ്ടി ഇറങ്ങിയ ചീമക്ക് അരങ്ങേറ്റത്തിൽ ഗോൾ കണ്ടത്താനായി. ഈസ്റ്റ് ബംഗാളിന് വേണ്ടി താരം ഈ സീസണിൽ മൂന്ന് ഗോളടിച്ചിരുന്നു.

Img 20220128 215007

രണ്ടാം പകുതിയിൽ ജെംഷദ്പൂർ ഗോൾ വലയ്ക്ക് മുന്നിൽ റെഹ്നേഷിന്റെ മികച്ച പ്രകടനം തുണയായി. നിലവിൽ 14 പോയന്റുമായി ഒൻപതാം സ്ഥാനത്താണ് എഫ്സി ഗോവ. ഐഎസ്എല്ലിൽ ടേബിൾ ടോപ്പേഴ്സായ ഹൈദരാബാദ് എഫ്സിക്ക് നിലവിൽ ഒരു പോയന്റ് ലീഡ് മാത്രമേയുള്ളു.