ഈ സീസണിൽ ഇതുവരെ ഏവരെയും അത്ഭുതപ്പെടുത്തിയ ഹൈദരാബാദിന് പക്ഷെ നിർണായക മത്സരത്തിൽ ആ മികവ് ആവർത്തിക്കാൻ ആയില്ല. ഇന്ന് ലീഗിലെ അവസാന മത്സരത്തിൽ എഫ് സി ഗോവ ഹൈദരബാദിനെ സമനിലയിൽ തളച്ചു കൊണ്ട് സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് വിജയിച്ചാൽ മാത്രമെ ഹൈദരബാദിന് പ്ലേഓഫിൽ എത്താൻ ആകുമായിരുന്നുള്ളൂ. എന്നാൽ ഗോവയ്ക്ക് ഒരു സമനില മതിയായിരുന്നു. ഗോവ ഗോൾ രഹിത സമനിലയിൽ ആണ് ഹൈദരബാദിനെ പിടിച്ചത്.
അധികം അവസരങ്ങൾ സൃഷ്ടിക്കപ്പെടാത്ത മത്സരമായിരുന്നു ഇന്നത്തേത്. സമനില മതി എന്നതു കൊണ്ട് തന്നെ അധികം റിസ്കുകൾ എടുക്കാൻ ഗോവ തയ്യാറായില്ല. ക്യാപ്റ്റർ അരിദനെ സന്റാന കളത്തിൽ ഇല്ലാതിരുന്നത് ഹൈദരബാദിന് വലിയ ക്ഷീണമായി. മത്സരത്തിൽ 95ആം മിനുട്ടിൽ ആദിലിന്റെ ഒരു ക്ലിയറൻസ് സ്വന്തം വലയ്ക്ക് അകത്തു കയറേണ്ടതായിരുന്നു. എന്നാൽ മാച്ച് സേവിങ് രക്ഷപ്പെടുത്തലിലൂടെ ധീരജ് അവിടെ ഗോയുടെ കാവൽ മാലാഖയായി.
ഈ സമനില 31 പോയിന്റുമായി ഗോവയെ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സഹായിക്കും. 29 പോയിന്റുമായി ഹൈദരബാദ് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. നോർത്ത് ഈസ്റ്റ്, മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നിവരാണ് സെമിയിലെ മറ്റു ടീമുകൾ.