ഐ എസ് എല്ലിന്റെ പുതിയ സീസണിൽ ലയനം അസാധ്യമാണെന്ന് തോന്നിയതിനാൽ ലീഗിലെ ടീമുകളുടെ എണ്ണം വർധിപ്പിക്കാൻ എ ഐ എഫ് എഫ് ശ്രമിക്കുന്നതായി സൂചന. ലീഗിലെ ടീമുകളുടെ എണ്ണം പതിനഞ്ചിൽ എത്തിക്കാൻ ആണ് പുതിയ പദ്ധതി. ഇതിനായി ഇന്ത്യയിലെ തന്നെ വിവിധ നഗരങ്ങളിൽ നിന്നായി ടീമിനെ ക്ഷണിക്കാൻ ആണ് റിലയൻസും എ ഐ എഫ് എഫും ഉദ്ദേശിക്കുന്നത്.
ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിൽ എത്തുകയും ഒപ്പം നാലു പുതിയ ടീമുകളെ ബിഡിന് ക്ഷണിക്കുകയുമാണ് ഉദ്ദേശം. ടീമുകൾ ഫ്രാഞ്ചൈസി തുക നൽകേണ്ടി വരും. ഐലീഗിലെ ടീമുകൾക്കും ഫ്രാഞ്ചൈസി തുക നൽകിയാൽ ഐ എസ് എല്ലിൽ എത്താൻ സാധിച്ചേക്കും. കേരളത്തിൽ നിന്നും പുതിയ ഐ എസ് എൽ ക്ലബിന് ക്ഷണമുണ്ടാകും. തിരുവനന്തപുരം നഗരത്തിന് അവസരം നൽകാനാണ് തീരുമാനം. കഴിഞ്ഞ സീസണിലും തിരുവനന്തപുരത്ത് നിന്ന് ഐ എസ് എല്ലിലേക്ക് പ്രവേശനം കിട്ടാൻ ചില കമ്പനികൾ ശ്രമിച്ചിരുന്നു.
അഹമ്മദബാദ്, കട്ടക്ക്, ഹൈദരബാദ് എന്നീ നഗരങ്ങളെയും പുതിയ ടീമുകൾക്കായി പരിഗണിച്ചേക്കും. എന്നാൽ ഐ ലീഗ് ഐ എസ് എൽ ലയനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയതിനു ശേഷം മാത്രമേ ഈ പുതിയ നിർദേശങ്ങളിൽ നടപടിയുണ്ടാകാൻ സാധ്യത ഉള്ളൂ.