2022-23 സീസൺ ഐ എസ് എൽ ആരംഭിക്കാൻ ഫുട്ബോൾ ആരാധകർ അധികം കാത്തിരിക്കേണ്ടി വരില്ല. അടുത്ത തവണത്തെ സീസണിൽ ഓഗസ്റ്റിൽ തന്നെ ആരംഭിക്കാൻ ആണ് എഫ് എസ് ഡി എൽ ഉദ്ദേശിക്കുന്നത്. ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും നീളമുള്ള സീസണാകും അടുത്തത്. ഒരോ ടീമും 30 മത്സരങ്ങൾ അടുത്ത സീസണിൽ കളിക്കും. അതുകൊണ്ട് ആണ് നവംബറിൽ ലീഗ് തുടങ്ങുന്ന പതിവിൽ നിന്ന് മാറുന്നത്. ഖത്തർ ലോകകപ്പിനായി ലീഗ് ഇടയിൽ ഒരു മാസത്തോളം നിർത്തി വെക്കാനും തീരുമാനം ആയിട്ടുണ്ട്.
നീണ്ട കാലത്തെ ആരാധകരുടെയും ഫുട്ബോൾ നിരീക്ഷകരുടെയും വിമർശനങ്ങളും കണക്കിലെടുത്താണ് എ ഐ എഫ് എഫും എഫ് സി ഡി എലും ഐ എസ് എല്ലിൽ ഇനി മുതൽ സീസണിൽ ടീമുകൾ ചുരുങ്ങിയത് 30 മത്സരങ്ങൾ എങ്കിലും കളിക്കും എന്ന തീരുമാനത്തിൽ എത്തിയത്. ഈ സീസണാകും ഐ എസ് എല്ലിലെ 20 മത്സരങ്ങൾ മാത്രമുള്ള അവസാന സീസൺ. 2022-23 സീസണിൽ കാര്യങ്ങൾ മെച്ചപ്പെടും. ഇപ്പോൾ ഐ എസ് എല്ലിൽ ടീമുകൾ രണ്ട് തവണയാണ് പരസ്പരം കളിക്കുന്നത്. അത് മാറി അടുത്ത സീസൺ മുതൽ ടീമുകൾ പരസ്പരം മൂന്ന് മത്സരങ്ങൾ കളിക്കും.
11 ടീമുകൾ ലീഗിൽ ഉള്ളതിനാൽ ലീഗ് ഘട്ടം കഴിയുമ്പോഴേക്ക് ടീമുകൾക്ക് 30 മത്സരങ്ങൾ കളിക്കാൻ ആകും. ഇത്രയും മത്സരങ്ങൾ കളിക്കുന്നത് ടീമുകളെയും താരങ്ങളെയും മെച്ചപ്പെടുത്തും. മാത്രമല്ല എ എഫ് സി ഒരു ക്ലബ് കളിക്കണം എന്ന് ആവശ്യപ്പെടുന്ന അത്ര മത്സരങ്ങളിൽ ക്ലബുകൾക്ക് എത്താനും ഇതു കൊണ്ട് സാധിക്കും. ലീഗ് ഇതോടെ 9 മാസം നീണ്ടു നിൽക്കുന്ന ഒന്നായി മാറും. അടുത്ത സീസണിൽ റിലഗേഷൻ പ്രൊമോഷനും വരുമെന്ന് നേരത്തെ എഫ് എസ് ഡി എൽ അധികൃതർ പറഞ്ഞിരുന്നു. ഈ സീസൺ പതിവു പോലെ തന്നെ തുടരും