അഞ്ചു മത്സരങ്ങൾ ഈ ഏഷ്യൻ കപ്പിൽ ഇറങ്ങിയിട്ടുൻ ഗോൾ വഴങ്ങാതിരുന്ന ഇറാന് ഇന്ന് നിർണായക പോരാട്ടത്തിൽ ആകെ പിഴച്ചു. ജപ്പാനെതിരായ സെമി ഫൈനലിൽ ഡിഫൻസീവ് അബദ്ധങ്ങളിൽ തട്ടിയാണ് ഇറാൻ തകർന്നത്. അബദ്ധങ്ങൾ ഒക്കെ മുതലെടുത്ത് ഇറാനെ കണക്കിന് ശിക്ഷിക്കാൻ ജപ്പാനായി. എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കി ജപ്പാൻ ഫൈനലിലേക്ക് കടക്കുകയും ചെയ്തു.
ടൂർണമെന്റിൽ മൂന്ന് ഗോളുകൾ അടിച്ച തരേമി ഇല്ലാതെ അസ്മൗണെ മാത്രം മുന്നിൽ നിർത്തി ഇറക്കിയ ഇറാന് കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ ഇന്നായില്ല. രണ്ടാം പകുതിയിലാണ് രണ്ട് ഇറാൻ അബ്ദ്ധങ്ങളും ഉണ്ടായത്. ആദ്യ 56ആം മിനുട്ടിൽ ആണ് ഇറാൻ ഡിഫൻസ് മൊത്തം കളി ഒരു നിമിഷത്തേക്ക് മറന്നു പോയത്. ജപ്പാന്റെ മിനാമിനോ ബോക്സിന് തൊട്ടുപുറത്ത് വീണപ്പോൾ അത് ഡൈവ് ആണെന്ന് പറഞ്ഞ് റഫറിറുടെ നേരെ ഇറാൻ ഡിഫൻസ് ഓടി. എന്നാൽ വീണു കിടന്ന മിനാമിനോ ആ സമയം കൊണ്ടു പന്ത് ഇടതു വിങ്ങിൽ നിന്ന് പിടിച്ച് എടുത്ത് അളന്ന് മുറിച്ചൊരു ക്രോസ് കൊടുത്തു. ഒസാകോ അത് ഹെഡ് ചെയ്ത് വലയിലുമാക്കി. ഇറാൻ ഏഷ്യൻ കപ്പിൽ വഴങ്ങുന്ന ആദ്യ ഗോൾ. വിസിൽ വരാതെ കളി നിർത്തരുത് എന്നൊരു വലിയ പാഠം ഇറാൻ ഈ ഗോളിൽ നിന്ന് പഠിച്ചു കാണും.
67ആം മിനുട്ടിൽ ഒസാകോ തന്നെയാണ് ജപ്പാന്റെ രണ്ടാം ഗോളും നേടിയത്. ഒരു ഹാൻഡ് ബോളിന് ലഭിച്ച പെനാൾട്ടിയാണ് ജപ്പാന് ശ്വാസം എടുക്കാനുള്ള രണ്ടാം ഗോൾ നൽകിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ ഒരു കൗണ്ടറിലൂടെ ഹരഗൂചിയിലൂടെ ആണ് ജപ്പാന്റെ വിജയൻ ഉറപ്പിച്ച മൂന്നാം ഗോൾ നേടിയത്.
കാർലോസ് കുരോസിനും ഇറാനും ഈ പരാജയം വലിയ നിരാശ നൽകും. ഇറാൻ അടുത്ത കാലത്തെ അവരുടെ ഏറ്റവും മികച്ച ഫോമിലായിരുന്നു. പക്ഷെ അതൊന്നും ഇന്ന് ഗുണം ചെയ്തില്ല. ഫൈനലിൽ യു എ ഇയും ഖത്തറും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ജപ്പാൻ നേരിടുക. അവസാന എട്ടു ഏഷ്യൻ കപ്പിൽ ജപ്പാന്റെ അഞ്ചാം ഫൈനലാണിത്.