കൊറോണ വൈറസ് പടരുന്നതിനിടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ വർഷത്തെ ടൂർണമെന്റ് റദ്ദാക്കാൻ സാധ്യതയേറി. ഈ വർഷത്തെ ടൂർണമെന്റ് റദ്ധാക്കി അടുത്ത വർഷം ടൂർണമെന്റ് നടത്താൻ ബി.സി.സി.ഐ തീരുമാനിച്ചതായി ഇന്ത്യൻ എക്സ്പ്രസ്സ് പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ മാർച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐ.പി.എൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റിവച്ചിരുന്നു. വിദേശികൾക്കുള്ള വിസയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയതിന് ശേഷം ഔദ്യോഗികമായി ഐ.പി.എൽ മാറ്റിവെച്ചത് ബി.സി.സി.ഐ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.
നിലവിൽ ഏപ്രിൽ 15 വരെ വിദേശികൾക്ക് വിസ നൽകുന്നത് കേന്ദ്ര സർക്കാർ നിർത്തിവെക്കുകയും ചെയ്തിരുന്നു. കൂടാതെ നിലവിൽ 21 ദിവസം നീണ്ടു നിൽക്കുന്ന ലോക്ക് ഡൗണും ഇന്ത്യയിൽ നിലവിലുണ്ട്. ഈ ഒരു സാഹചര്യത്തിൽ ഏപ്രിൽ 15ന് ഐ.പി.എൽ നടക്കാനുള്ള സാധ്യത വിരളമാണ്. ഈ വർഷത്തെ ഐ.പി.എൽ മാറ്റിവെക്കുന്നതോടെ അടുത്ത വർഷം നടത്താൻ തീരുമാനിച്ചിരുന്ന മെഗാ ലേലവും മാറ്റിവെക്കും. കൂടാതെ ടീമുകൾക്ക് ഇതേ ടീമിനെ നിലനിർത്താനും താരങ്ങളെ ഒഴിവാക്കാനും അവസരം നൽകുകയും ചെയ്യും. കേന്ദ്ര സർക്കാരിൽ നിന്ന് സ്ഥിരീകരണം ഉണ്ടായാൽ ഐ.പി.എൽ ഫ്രാഞ്ചൈസികളെ ഔദ്യോഗികമായി അറിയിക്കുമെന്നും ബി.സി.സി.ഐ വക്താവ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞിട്ടുണ്ട്.