ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ ഇത് വരെ കണ്ട ഏറ്റവും ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴു റൺസിന് തോൽപ്പിച്ചു രാജസ്ഥാൻ റോയൽസ്. തീർത്തും അവിശ്വസനീയം ആയ മത്സരം ആണ് ഇന്ന് അരങ്ങേറിയത്. ജോസ് ബട്ലറിന്റെ ശതകത്തിന്റെ മികവിൽ 218 എന്ന വലിയ ലക്ഷ്യം മുന്നോട്ട് വച്ച രാജസ്‌ഥാനു മികച്ച തുടക്കം ആണ് രണ്ടാം ഇന്നിംഗ്‌സിൽ ലഭിച്ചത്. ബോർഡിൽ റൺസ് വരുന്നതിനു മുമ്പ് ഹെത്മയർ ഒരു പന്ത് പോലും നേരിടാത്ത ഓപ്പണർ സുനിൽ നരേനെ റൺ ഔട്ട് ആക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ശ്രയാസ് അയ്യറും ഓപ്പണർ ആരോൺ ഫിഞ്ചും ചേർന്നു 107 റൺസ് ചേർക്കുന്നത് ആണ് പിന്നീട് കണ്ടത്. വളരെ നന്നായി ആണ് ഇരു താരങ്ങളും രാജസ്ഥാൻ ബോളിംഗിനെ കടന്നു ആക്രമിച്ചത്.
8 ഓവറുകൾക്ക് ഉള്ളിൽ 100 കടന്ന കൊൽക്കത്ത മത്സരം അനായാസം ജയിക്കും എന്നു പോലും തോന്നി ഈ ഘട്ടത്തിൽ. 9 ഫോറുകളും 2 സിക്‌സറുകളും അടക്കം 28 പന്തിൽ 58 റൺസ് എടുത്ത ഫിഞ്ചിനെ പ്രസീദ് കൃഷ്‌ണയുടെ ഓവറിൽ കരുൺ നായർ പിടിച്ചു പുറത്തായതോടെ രാജസ്ഥാന് പ്രതീക്ഷ തിരിച്ചു കിട്ടി. എന്നാൽ നിതീഷ് റാണയെ കൂട്ടുപിടിച്ച് ശ്രയാസ് അനായാസം സ്‌കോർ ബോർഡ് ചലിപ്പിച്ചു. 11 പന്തിൽ 1 സിക്‌സും ഫോറും അടക്കം 18 റൺസ് എടുത്ത റാണ ചഹാലിന്റെ പന്തിൽ ബട്ലർ പിടിച്ചു പുറത്ത് പോയതോടെ രാജസ്‌ഥാൻ ഒരിക്കൽ കൂടി മത്സരത്തിൽ തിരിച്ചു വന്നു. തൊട്ടു പിറകെ വിനാശകാരിയായ ആന്ദ്ര റസലിനെ ഗോൾഡൻ ഡക്കിന് ആർ. അശ്വിൻ ക്ലീൻ ബോൾഡ് ചെയ്തതോടെ രാജസ്ഥാൻ മത്സരത്തിൽ ആധിപത്യം കണ്ടത് ആയി തോന്നി. എന്നാൽ അപ്പുറത്ത് ക്യാപ്റ്റന്റെ ഇന്നിംഗ്സ് കളിച്ചു ശ്രയാസ് അയ്യർ.
എന്നാൽ 17 മത്തെ ഓവറിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ ഉള്ള ചഹാലിന്റെ മാന്ത്രിക ബോളിങ് ആണ് പിന്നീട് കാണാൻ ആയത്. ആദ്യ പന്തിൽ വെങ്കിടേഷ് അയ്യറിനെ വിക്കറ്റിന് പിറകിൽ സഞ്ചു സാംസൺ സ്റ്റമ്പ് ചെയ്തു. നാലാം പന്തിൽ 51 പന്തിൽ 4 സിക്സറുകളും 7 ഫോറുകളും അടക്കം 85 റൺസ് എടുത്ത ശ്രയാസ് അയ്യറിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയ ചഹാൽ ഒരിക്കൽ കൂടി തന്റെ മാജിക് പുറത്ത് എടുത്തു. അടുത്ത പന്തിൽ ശിവം മാവിയെ റിയാൻ പരാഗിന്റെ കയ്യിൽ എത്തിച്ച ചഹാൽ ഹാട്രിക്കിന് അരികിൽ എത്തി. മുമ്പ് കൈവിട്ട ഹാട്രിക് അപകടകാരിയായ പാറ്റ് കമ്മിൻസിനെ സഞ്ചു സാംസണിന്റെ കയ്യിൽ എത്തിച്ചു ചഹാൽ പൂർത്തിയാക്കിയതോടെ രാജസ്‌ഥാൻ ജയം ഉറപ്പിച്ചു. 4 ഓവറിൽ 40 റൺസ് നൽകി 5 വിക്കറ്റുകൾ ആണ് ചഹാൽ മത്സരത്തിൽ വീഴ്ത്തിയത്.
എന്നാൽ ജയം ഉറപ്പിച്ച രാജസ്ഥാനെ പത്താമത് ആയി ബാറ്റ് ചെയ്യാൻ എത്തിയ ഉമേഷ് യാദവ് ഞെട്ടിക്കുന്നത് ആണ് പിന്നീട് കണ്ടത്. ട്രെന്റ് ബോൾട്ട് എറിഞ്ഞ 18 മത്തെ ഓവറിൽ 2 സിക്സറുകളും ഒരു ഫോറും അടക്കം 20 റൺസ് അടിച്ച ഉമേഷ് രണ്ടു ഓവറിൽ 18 റൺസ് എന്ന നിലക്ക് കൊൽക്കത്തയെ എത്തിച്ചു. 19 മത്തെ ഓവറിൽ 6 റൺസ് മാത്രം പ്രസീദ് കൃഷ്ണ വിട്ടു നൽകിയതോടെ കൊൽക്കത്തക്ക് അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണമായിരുന്നു. തന്റെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരം കളിക്കാൻ ഇറങ്ങിയ ഒബദ് മകോയിയെ ആണ് സഞ്ചു അവസാന ഓവർ എറിയാൻ ഏൽപ്പിച്ചത്. 3 ഓവറിൽ 38 റൺസ് വഴങ്ങിയ മകോയി പക്ഷെ അവസാന ഓവറിൽ രാജാസ്ഥാന്റെ രക്ഷകൻ ആയി. ആദ്യം ജാക്സനെ പ്രസീദ് കൃഷ്ണന്റെ കയ്യിൽ എത്തിച്ച മകോയി ഉമേഷ് യാദവിനെ ക്ലീൻ ബോൾഡ് ചെയ്തു രാജസ്ഥാന് 7 റൺസിന്റെ ആവേശ ജയം സമ്മാനിച്ചു. ജയത്തോടെ 6 മത്സരങ്ങളിൽ നിന്നു നാലു ജയവും ആയി രാജസ്ഥാൻ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തി. അതേസമയം ആറാമത് ആണ് കൊൽക്കത്ത.