ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ഈ സീസണിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടി രാജസ്ഥാൻ റോയൽസ്. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് ആണ് രാജസ്ഥാൻ നേടിയത്. ഒരിക്കൽ കൂടി ജോസ് ബട്ലർ തന്റെ മാസ്റ്റർ ക്ലാസ് പുറത്ത് എടുത്തപ്പോൾ കൊൽക്കത്ത ബോളർമാർ വിഷമിച്ചു. സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടി ഓറഞ്ച് ക്യാപ്പിന് ഉടമയായ ബട്ലർ ഈ സീസണിലെ തന്റെ രണ്ടാം ശതകവും ഐ.പി.എല്ലിലെ മൂന്നാം ശതകവും കുറിച്ചു. ആദ്യ വിക്കറ്റിൽ ദേവ്ദത്ത് പടിക്കലും ആയി ചേർന്നു 97 റൺസ് കൂട്ടുകെട്ട് ആണ് ബട്ലർ ഉണ്ടാക്കിയത്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സഞ്ചു സാംസണും ആയി ചേർന്നു 67 റൺസും ഇംഗ്ലീഷ് താരം കൂട്ടിച്ചേർത്തു. 59 പന്തിൽ ശതകം നേടിയ ബട്ലർ 5 സിക്സറുകളും 9 ഫോറുകളും അടക്കം 61 പന്തിൽ 103 റൺസ് ആണ് നേടിയത്.
18 പന്തിൽ 24 റൺസ് നേടിയ പടിക്കൽ ആദ്യ വിക്കറ്റിൽ മികച്ച പിന്തുണ ആണ് ബട്ലറിന് നൽകിയത്. എന്നാൽ സുനിൽ നരേൻ താരത്തെ ക്ലീൻ ബോൾഡ് ചെയ്യുക ആയിരുന്നു. തുടർന്ന് ക്രീസിൽ എത്തിയ സഞ്ചു 19 പന്തിൽ 3 ഫോറുകളും 2 സിക്സറുകളും അടക്കം 38 റൺസ് നേടി രാജസ്‌ഥാൻ ബാറ്റിംഗിന് വേഗം കൂട്ടി. എന്നാൽ റസലിനെ സിക്സർ അടിക്കാനുള്ള ശ്രമം ശിവം മാവിയുടെ കയ്യിൽ അവസാനിച്ചപ്പോൾ സഞ്ജു പുറത്ത്. തുടർന്ന് ശതകം പൂർത്തിയാക്കിയ ഉടൻ കമ്മിൻസിന്റെ ബോൺസറിൽ വരുൺ ചക്രവർത്തി പിടിച്ചു ബട്ലറും പുറത്ത്. തുടർന്ന് വേഗത്തിൽ രാജസ്‌ഥാൻ വിക്കറ്റുകൾ കൊൽക്കത്ത വീഴ്ത്തി. 5 റൺസ് നേടിയ റയാൻ പരാഗിന്റെ നരേന്റെ പന്തിൽ സിക്സർ അടിക്കാനുള്ള ശ്രമം കമ്മിൻസ് തട്ടിയിട്ടപ്പോൾ ശിവം മാവി ക്യാച്ച് ചെയ്തു. മികച്ച ക്യാച്ച് ആയിരുന്നു ഇത്. തുടർന്നു മാവിയുടെ പന്തിൽ കമ്മിൻസ് പിടിച്ച് 3 റൺസ് നേടിയ കരുൺ നായറും പുറത്തായി. എങ്കിലും അവസാന ഓവറിൽ റസലിനെ 2 സിക്സറും ഒരു ഫോറും അടിച്ചു 13 പന്തിൽ 26 റൺസ് നേടിയ ഷിമ്റോൻ ഹെത്മയർ രാജസ്ഥാന് 217 എന്ന വലിയ ടോട്ടൽ സമ്മാനിക്കുക ആയിരുന്നു.