ഗുജറാത്ത്, രാജസ്ഥാൻ, ലക്നൗ, ഡൽഹി, ബാംഗ്ലൂർ..ഐപിഎൽ പ്ലേ ഓഫ് സാധ്യതയുള്ള ടീമുകൾ കുറഞ്ഞു വരുന്നു. ഒന്നു രണ്ട് ദിനങ്ങൾ കൊണ്ടറിയാം തണ്ടിലേറുന്നത് ആരൊക്കെയെന്ന്.
അത് കഴിഞ്ഞു ഐപിഎൽ ട്രോഫി കൈയ്യടക്കാനുള്ള തത്രപ്പാടാകും. ഇക്കൊല്ലത്തെ കളി കഴിയുന്നതോടെ ബയോ ബബിൾ പൊട്ടിച്ചു കളിക്കാർക്ക് തങ്ങളുടെ വീടുകൾ പറ്റാൻ തിരക്കാകും. പക്ഷെ ഉയരുന്ന ചോദ്യം, ഇവരിൽ എത്ര പേർ അടുത്ത സീസണിൽ ഐപിഎൽ കളിക്കും എന്നതാണ്.
വിദേശ കളിക്കാരുടെ കാര്യത്തിൽ കുറെ പേർക്കെങ്കിലും കോൾ ലെറ്റർ കിട്ടാൻ സാധ്യതയുണ്ടെങ്കിലും, ഇക്കൊല്ലം കോവിഡ് കാരണം വേണ്ടി വന്ന ബയോ ബബിൾ അടുത്ത കൊല്ലം ഇല്ലാതാകുന്നതോടെ കൂടുതൽ അന്യ രാജ്യ താരങ്ങൾ ഐപിഎല്ലിൽ പങ്കെടുക്കാൻ മുന്നോട്ട് വരുമെന്നത് അവർക്കിടയിൽ മത്സരം കടുപ്പിക്കും. ഐപിഎല്ലിനെ സംബന്ധിച്ച് അത് ഒരു നല്ല കാര്യമാണ്, കൂടുതൽ താരങ്ങൾ വരുന്നത് കൂടുതൽ കാണികളെ കൊണ്ടു വരും.
ഇന്ത്യൻ താരങ്ങളുടെ നിരയിലാണ് കാര്യമായ വ്യത്യാസം കാണാനിരിക്കുന്നത്. ബോളർസിനെ അപേക്ഷിച്ചു ഇന്ത്യയിൽ നിന്നുള്ള ബാറ്റ്‌സ്‌മെൻമാർ ആരും തിളങ്ങിയില്ല എന്നത് തന്നെ കാര്യം. മാത്രമല്ല കളി ജയിക്കാൻ സെന്റിമെന്റ്‌സ് കൊണ്ട് കാര്യമില്ല എന്നത് കൊണ്ട്, പല ആസ്ഥാന ടീം പ്ലെയേഴ്സിനും സ്ഥാനം നഷ്ടപ്പെടും. ഒന്ന് രണ്ട് സീനിയർ താരങ്ങൾ എങ്കിലും സ്വയം ഒഴിയും എന്നാണ് മുന്തിരിവള്ളികൾ അടക്കം പറയുന്നത്.
കൂടുതൽ നഷ്ടം ചെന്നൈ, ബാംഗ്ലൂർ, മുംബൈ ടീമുകളിലെ കളിക്കാർക്കാകും. ഇത്തവണത്തെ അവരുടെ പ്രകടനങ്ങൾ തീരെ മോശമായിരുന്നു എന്നു മാത്രമല്ല, വ്യക്തിത്വ പ്രകടനങ്ങൾ ഒന്നും തന്നെ കണ്ടില്ല. പല ടീം മാനേജ്‌മെന്റുകളും രോഷം അടക്കി നിൽക്കുകയാണ്. ഐപിഎൽ കഴിഞ്ഞാൽ കോച്ചിങ് സ്റ്റാഫ് അടക്കമുള്ളവരെ ആദ്യം വാതിൽ കാണിക്കും, പിന്നീട് മൊത്തത്തിലുള്ള ഉടച്ചു വാർക്കലാകും നടക്കുക. ഇത്തവണത്തെ മോശം പ്രകടനങ്ങൾക്ക് ഉടമസ്ഥരും കാരണക്കാരാണ് എന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉയർന്നത് വലിയ നാണക്കേടുണ്ടാക്കി. കളി കഴിഞ്ഞു പിരിയുമ്പോൾ സീ യൂ നെക്സ്റ്റ് സീസണ് എന്ന് പറയാൻ കഴിയും എന്നു കരുതുന്നില്ലെന്നാണ് ഒരു കളിക്കാരൻ സൂചിപ്പിച്ചത്.
ഇതെല്ലാം കൊണ്ടു നമുക്ക് നല്ലൊരു ഐപിഎൽ സീസണ് അടുത്ത വർഷം പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചാൽ, ഇത് നടത്തുന്നത് ബിസിസിഐ ആയതു കൊണ്ടും, കാശാണ് മുഖ്യം എന്നതിനാലും, ഒന്നിനുമില്ലൊരു നിശ്ചയവും എന്ന് മാത്രമേ ഇപ്പോൾ പറയാൻ പറ്റൂ!