ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ചു സൺ റൈസസ് ഹൈദരബാദിന്റെ ഉമ്രാൻ മാലിക്. പഞ്ചാബിന് എതിരെ നാലു ഓവറിൽ 28 റൺസ് നൽകി നാലു വിക്കറ്റ് നേടിയ താരം അവസാന ഓവറിൽ മെയിഡനും മൂന്നു വിക്കറ്റുകളും ആണ് വീഴ്ത്തിയത്. ഒപ്പം ഒരു റൺ ഔട്ടും ഈ ഓവറിൽ പിറന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇത് ആദ്യമായാണ് അവസാന ഓവറിൽ മെയിഡനും നാലു വിക്കറ്റുകളും പിറക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ അവസാന ഓവറിൽ മെയിഡൻ എറിയുന്ന മൂന്നാമത്തെ മാത്രം ബോളർ ആയും ജമ്മു താരം മാറി. ബാറ്റർമാരുടെ മാത്രം കളിയായി മാറിയ ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ വേഗത കൊണ്ടു നാശം വിതക്കുക ആണ് ഉമ്രാൻ മാലിക് നിലവിൽ. 150 കിലോമീറ്റർ വേഗതയിൽ നിരന്തരം എറിയുന്ന ജമ്മു താരം ഇന്ത്യൻ ബോളിംഗിന് വലിയ പ്രതീക്ഷ ആണ് നൽകുന്നത്. ജമ്മു എക്സ്പ്രസ് എന്നു ആരാധകർ വിളിക്കുന്ന താരത്തെ ഇതിനകം തന്നെ ഇന്ത്യൻ ടീമിൽ എടുക്കണം എന്ന ആവശ്യം പല കോണിൽ നിന്നും ഉണ്ടാവുന്നുമുണ്ട്.