ക്യാപ്റ്റൻ എന്ന നിലയിൽ ഋഷഭ് പന്തിന്റെ പക്വത ഇല്ലായ്മ കാണിച്ച മത്സരം തന്നെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കണ്ട ഡൽഹി, രാജസ്ഥാൻ പോരാട്ടം. അവസാന ഓവറിൽ 36 റൺസ് വേണ്ട അവസരത്തിൽ മകോയിയെ തുടർച്ചയായി മൂന്നു സിക്സറുകൾ ആക്കി സമ്മർദത്തിൽ ആക്കിയ പവലിന്റെ ശ്രദ്ധ ക്യാപ്റ്റൻ പന്ത് കാരണം ഇല്ലാതായി എന്ന വിമർശനം ആണ് നിലവിൽ ഉയരുന്നത്. മൂന്നാമത്തെ പന്ത് നടുവിന് മുകളിൽ ആണോ എന്ന സംശയം ഉയർന്നപ്പോൾ നോ ബോൾ മൂന്നാം അമ്പയർ പരിശോധിക്കണം എന്ന ആവശ്യം ആണ് ഡൽഹി മുന്നോട്ടു വച്ചത്. എന്നാൽ അമ്പയർമാർ ഇതിനു തയ്യാറായില്ല. ഇതിനെ തുടർന്ന് ബാറ്റർമാരെ തിരിച്ചു വിളിച്ച പന്ത് പരിശീലകൻ കോച്ച് പ്രവീൺ ആംറേയെ കളത്തിലേക്ക് ഇറക്കി വിടുകയും ചെയ്തു. എന്നാൽ ഇത് ഒന്നും അമ്പയർമാർ അവരുടെ തീരുമാനം മാറ്റാൻ ഉതകിയില്ല. ഇതിന്റെ ഇടയിൽ രാജസ്‌ഥാൻ താരം ജോസ് ബട്ലറും ആയി പന്ത് കയർക്കുന്നതും കാണാൻ ആയി.
പന്തിന്റെ ഈ തീരുമാനം അവിശ്വസനീയം ആയി ബാറ്റ് ചെയ്തു കൊണ്ടിരുന്ന പവലിന്റെ ശ്രദ്ധ തെറ്റിച്ചു എന്നും അത് മകോയിക്ക് തിരിച്ചു വരാൻ അവസരം നൽകി എന്നും ആണ് പൊതുവെ ഉയരുന്ന വിമർശനം. മത്സരശേഷം അത് നോ ബോൾ ആണ് എന്ന് എല്ലാവരും കണ്ടത് ആണ് എന്ന് പറഞ്ഞ പന്ത് അമ്പയർമാരുടെ തീരുമാനം തങ്ങളുടെ കയ്യിൽ അല്ല എന്നും കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യമങ്ങളിൽ അടക്കം വലിയ വിമർശനം ആണ് പന്തിന്റെ ഈ പക്വത ഇല്ലായ്മക്ക് ലഭിക്കുന്നത്. നോ ബോൾ എന്ന വെറും സംശയം കാരണം ഇത് പോലൊരു പെരുമാറ്റം ഉണ്ടായത് പലരും വിമർശിക്കുന്നുണ്ട്. താരത്തിന്റെ പെരുമാറ്റം കളിയുടെ മാന്യതക്ക് നിരക്കുന്നത് അല്ല എന്ന വിമർശനവും ഉണ്ട്. അതേസമയം ഡൽഹിക്ക് എതിരെ തെറ്റായ തീരുമാനം ആണ് ഉണ്ടായത് എന്ന് വാദിക്കുന്നവരും കുറവല്ല. ഗ്ലെൻ മാക്സ്വൽ അടക്കമുള്ളവർ ഈ തീരുമാനം മൂന്നാം അമ്പയർ പരിശോധന നടത്തതിൽ വിമർശനം ഉന്നയിച്ചു.