2020 സീസണിലെ ഐ.പി.എല്ലിലേക്കുള്ള താരങ്ങൾക്കായുള്ള ലേലംവിളി ഈ വർഷം ഡിസംബർ 19ന് നടക്കും. പതിവിന് വിപരീതമായി കൊൽക്കത്തയിൽ വെച്ചാവും ലേലം നടക്കുക എന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ ലേലം ബെംഗളൂരുവിൽ വെച്ചായിരുന്നു നടന്നിരുന്നത്. 8 ടീമുകളുടെയും ട്രേഡിങ്ങ് വിൻഡോ അവസാനിച്ചതിന് ശേഷം ആവും ലേലം നടക്കുക. നവംബർ 14നാണ് ട്രേഡിങ്ങ് വിൻഡോയിലൂടെ താരങ്ങളെ കൈമാറാനുള്ള അവസാന ദിവസം.
2020 സീസണിൽ ഒരു ടീമിന് 85 കോടി രൂപയാണ് താരങ്ങളെ സ്വന്തമാക്കാൻ അനുവദിച്ച തുക. കഴിഞ്ഞ വർഷം ഇത് 82 കോടിയായിരുന്നു. കൂടാതെ കഴിഞ്ഞ ലേലത്തിൽ ചിലവഴിക്കാതെ വെച്ച തുകയും ടീമുകൾക്ക് ഈ ലേലത്തിൽ ചിലവഴിക്കാം. ഇത് പ്രകാരം 7.6 കോടി രൂപ ബാക്കിയുള്ള രാജസ്ഥാൻ റോയൽസാണ് കഴിഞ്ഞ ലേലത്തിൽ കൂടുതൽ തുക ബാക്കി വെച്ചത്. ഈ വർഷം ഒരു ചെറിയ ലേലം ആവും നടക്കുക. അതെ സമയം 2021ൽ വലിയ തരത്തിലുള്ള ലേലമാകും നടക്കുക.