ഇന്റർ മിലാന്റെ വിജയ കുതിപ്പിന് അവസാനമായി. ചാമ്പ്യന്മാരായ യുവന്റസ് തന്നെയാണ് ഇന്ററിന്റെ സീരി എയിലെ തുടർവിജയങ്ങൾക്ക് അവസാനം കുറിച്ചത്. അതും ഇന്റർ മിലാന്റെ ഹോമിൽ ചെന്ന്. തീർത്തും ആധിപത്യം പുലർത്തിയ പ്രകടനത്തോടെ ആയിരുന്നു സാരിയുടെ ടീമിന്റെ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. വിജയത്തോടെ യുവന്റസ് ഒന്നാമത് എത്തുകയും ചെയ്തു.
ആരാധകരുടെ ആഗ്രഹം പോലെ ഡിബാലയെയും റൊണാൾഡോയെയും അറ്റാക്കിംഗിൽ ഇറക്കിയാണ് സാരി ഇന്ന് യുവന്റസിനെ അണിനിരത്തിയത്. ഡിബാലയും റൊണാൾഡോയും ഇന്റർ ഡിഫൻസിനെ തുടക്കം മുതൽ ആകെ വലച്ചു. കളിയുടെ നാലാം മിനുട്ടിൽ തന്നെ ഡിബാല യുവന്റസിനെ മുന്നിൽ എത്തിച്ചു. പ്യാനിചിന്റെ പാസിൽ നിന്നായിരുന്നു ഡിബാലയുടെ ഗോൾ.
ആ ഗോളിന് പിന്നാലെ തന്നെ റൊണാൾഡോയുടെ ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് ഇന്റർ മിലാനെ രക്ഷിച്ചു. കളിയുടെ 18ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ കളിയിലേക്ക് തിരികെ വരാൻ ഇന്ററിനായി. ഡിലിറ്റിന്റെ ഹാൻഡ് ബോൾ ആയിരുന്നു പെനാൾട്ടിയിൽ കലാശിച്ചത്. പെനാൾട്ടി മാർട്ടിനെസ് ലക്ഷ്യത്തിൽ എത്തിച്ചു. ആ ഗോൾ നേടിയെങ്കിലും ഇന്ററിന് യുവന്റസിനെ നിയന്ത്രിക്കാൻ ആയില്ല. ആദ്യ പകുതിയിൽ തന്നെ റൊണാൾഡോ ഇന്ററിനായി സ്കോർ ചെയ്തു എങ്കിൽ ഓഫ്സൈഡ് വിളി വന്നു.
രണ്ടാം പകുതിയിൽ ഹിഗ്വയിനെ കൂടെ ഇറക്കിയ സാരിക്ക് അർഹിച്ച വിജയ ഗോൾ ലഭിച്ചു. 80ആം മിനുട്ടിൽ ആയിരുന്നു ഹിഗ്വയിന്റെ ഗോൾ. ഈ വിജയത്തോടെ ഏഴു മത്സരത്തിൽ 19 പോയന്റുമായി യുവന്റസ് ലീഗിൽ ആദ്യമായി ഒന്നാമത് എത്തി. 18 പോയന്റുള്ള ഇന്റർ മിലാൻ രണ്ടാമതായി.