2020ൽ ഇന്ത്യൻ പ്രീമിയർ ലീഗിന് സെപ്റ്റംബർ 19ന് യു.എ.ഇയിൽ തുടക്കമാവും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ നവംബർ 8നാവും നടക്കുകയെന്നും തീരുമാനമായിട്ടുണ്ട്. ബി.സി.സി.ഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്. 51 ദിവസമായിരിക്കും ഇന്ത്യൻ പ്രീമിയർ ലീഗ് നീണ്ടുനിൽക്കുക. അടുത്ത ആഴ്ചയിൽ നടക്കുന്ന ബി.സി.സി.ഐ മീറ്റിംഗിൽ ടൂർണമെന്റിന്റെ തിയ്യതികൾ ഉറപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ ഐ.സി.സി ഓസ്ട്രേലിയയിൽ നടക്കേണ്ട ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ആ സമയത്ത് നടത്താൻ ബി.സി.സി.ഐ തീരുമാനിച്ചത്. നിലവിൽ ഇന്ത്യയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാവാത്തതിനെ തുടർന്നാണ് ഇന്ത്യക്ക് പുറത്ത് വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ ബി.സി.സി.ഐ തീരുമാനിച്ചത്.
ഓസ്ട്രേലിയയിൽ ഈ വർഷം അവസാനം നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുൻപ് ഇന്ത്യ ഓസ്ട്രേലിയയിൽ 14 ദിവസം ക്വറന്റൈനിൽ പോവേണ്ടത് കൊണ്ടാണ് ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബർ 19ന് തുടങ്ങാൻ തീരുമാനിച്ചത്. നേരത്തെ സെപ്റ്റംബർ 26ന് ഐ.പി.എൽ തുടങ്ങുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.