ലോക റോഡ് സുരക്ഷാ സീരിസ് കിരീടം ഇന്ത്യൻ ഇതിഹാസങ്ങൾ സ്വന്തമാക്കി. ശ്രീലങ്കയ്ക്ക് എതിരെ 14 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഫൈനലിൽ ഇന്ത്യൻ ഇതിഹാസങ്ങൾ ഉയർത്തിയ മികച്ച സ്കോർ പിന്തുടർന്ന ശ്രീലങ്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എടുക്കാനെ ആയുള്ളൂ. ബാറ്റു കൊണ്ടും ബൗളു കൊണ്ട് ഇന്ന് ശ്രീലങ്കയെ വട്ടം കറക്കിയത് യൂസുഫ് പഠാൻ ആയിരുന്നു. ബാറ്റു കൊണ്ട് അർധ സെഞ്ച്വറി നേടിയ താരം. രണ്ടു വിക്കറ്റും ഇന്ന് എടുത്തു. ജയസൂര്യയുടെയും ദിൽഷന്റെയും വിക്കറ്റാണ് യൂസുഫ് നേടിയത്. ആകെ നാല് ഓവറിൽ 26 റൺസ് മാത്രമെ നൽകിയതുമുള്ളൂ.
ഇന്ത്യക്ക് വേണ്ടി യൂസുഫിനൊപ്പം ഇർഫാനും രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഗോണിയും മുനാഫ് പടേലും ഒരു വികറ്റു വീതവും വീഴ്ത്തി. 43 റൺസ് എടുത്ത ജയസൂര്യ ശ്രീലങ്കൻ മുൻനിരയിൽ കാര്യമായി തിളങ്ങിയുള്ളൂ. ദിൽഷൻ 21 റൺസ് എടുത്ത് പുറത്തായി. ജയസിംഗെയും(40) വീര രത്നെയും(38) അവസാനം പൊരുതി എങ്കിലും വിജയലക്ഷ്യത്തിൽ എത്താൻ ആയില്ല.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 181 റൺസ് അടിച്ചെടുത്തിരുന്നു. യൂസുഫ് പത്താന്റെയും യുവരാജിന്റെയും വെടിക്കെട്ടു ബാറ്റിങ് ആണ് ഇന്ത്യക്ക് വലിയ സ്കോർ നൽകിയത്. 41 പന്തിൽ 60 റണ്സാണ് യുവരാജ് സിംഗ് എടുത്തത്.നാലു ഫോറും നാലു സിക്‌സും അടങ്ങിയതായിരുന്നു യുവരാജിന്റെ ഇന്നിംഗ്സ്. പുറത്താകാതെ നിന്ന് യൂസുഫ് പത്താൻ 36 പന്തിൽ 62 റണ്സും എടുത്തു.അഞ്ചു സിക്‌സും നാലു ഫോറും അടങ്ങുന്നതായിരുന്നു യൂസുഫിന്റെ ഇന്നിംഗ്സ്. 23 പന്തിൽ 30 റൻസ് എടുത്ത സച്ചിൻ ഇന്നും തന്റെ മികച്ച ഫോം തുടർന്നു.