അങ്ങനെ രണ്ടാഴ്ചയ്ക്ക് അകം തന്നെ ഇന്ത്യൻ ഫുട്ബോളിന് ഏർപ്പെടുത്തിയ വിലക്ക് ഫിഫ പിൻവലിച്ചു. ഇന്ന് വിലക്ക് പിൻവലിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. സുപ്രീം കോടതി എടുത്ത തീരുമാനങ്ങൾ മുൻനിർത്തി ആണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് ഏർപ്പെടുത്തിയ വിലക്ക് ഫിഫ പിൻവലിച്ചത്. കഴിഞ്ഞ ദിവസം വിലക്ക് മാറ്റാൻ ആവശ്യപ്പെട്ട് എ ഐ എഫ് എഫ് ആക്ടിംഗ് ജനറൽ സെക്രട്ടറി ശ്രീ. സുനന്ദോ ധർ ഫിഫയ്ക്ക് കത്ത് അയച്ചിരുന്നു.
സുപ്രീം കോടതി CoA മാൻഡേറ്റ് പൂർണ്ണമായി പിൻവലിക്കുനകയും AIFF-ന്റെ ഭരണ ചുമതല AIFFലേക്ക് തന്നെ തിരികെയെത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ മുൻ താരങ്ങൾക്ക് വോട്ടിങ് എന്നതും വേണ്ടെന്ന് വെച്ചിരുന്നു. ഇത് രണ്ടുമായിരുന്നു ഫിഫയും ആവശ്യപ്പെട്ടത്.
വിലക്ക് മാറിയതോടെ ഫിഫ അണ്ടർ 17 ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കും. മോഹൻ ബഗാന് എ എഫ് സി കപ്പിൽ കളിക്കാനും ആകും. വിലക്ക് കൊണ്ട് ഗോകുലം കേരളക്ക് ഉണ്ടായ നഷ്ടം പക്ഷെ നികത്താൻ ആവില്ല. ഗോകുലം കേരളക്ക് എ എഫ് സി ക്ലബ് ചാമ്പ്യൻഷിപ്പ് കളിക്കാൻ ആയിരുന്നില്ല.
ഓഗസ്റ്റ് 15നായിരുന്നു ഫിഫ ഇന്ത്യയെ വിലക്കിയത്.