ബംഗ്ലാദേശിനെതിരെ അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ ഫൈനലില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 106 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 33 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ ധ്രുവ് ചന്ദ് ജുരേല്‍ ടോപ് ഓര്‍ഡറില്‍ പൊരുതിയപ്പോള്‍ വാലറ്റത്തോടൊപ്പം നിന്ന് പൊരുതിയ കരണ്‍ ലാല്‍ ആണ് ഇന്ത്യയുടെ സ്കോര്‍ നൂറ് കടത്തിയത്. 37 റണ്‍സ് നേടിയ കരണ്‍ ലാല്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
8/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ധ്രുവ് ചന്ദും ശാശ്വത് റാവത്തും ചേര്‍ന്ന് സുരക്ഷിത തീരത്തേക്ക് എത്തിയ്ക്കുമെന്ന് കരുതിയെങ്കിലും 46 റണ്‍സ് കൂട്ടുകെട്ടിനെ ബംഗ്ലാദേശ് തകര്‍ത്തു.
അതേ ഓവറില്‍ മറ്റൊരു വിക്കറ്റ് കൂടി നേടി മുഹമ്മദ് ഷമീം ഹൊസൈന്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. അധികം വൈകാതെ ഷമീം ധ്രുവ് ചന്ദിനെയും പുറത്താക്കി ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. എട്ടാം വിക്കറ്റില്‍ സുശാന്ത് കുമാര്‍ മിശ്രയെ കൂട്ടുപിടിച്ച് കരണ്‍ ലാല്‍ 20 റണ്‍സ് കൂടി നേടി. പത്താം വിക്കറ്റില്‍ 22 റണ്‍സ് കൂടി നേടിയ ശേഷം 37 റണ്‍സ് നേടിയ കരണ്‍ ലാല്‍ ആണ് അവസാന വിക്കറ്റായി പുറത്തായത്.
6 ഓവറില്‍ 8 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ഷമീം തന്റെ 3 വിക്കറ്റ് നേടിയത്. മുഹമ്മദ് മൃത്തുന്‍ജോയ് 3 വിക്കറ്റ് നേടി ഷമീമിന് മികച്ച പിന്തുണ നല്‍കി. 32.4 ഓവറിലാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്.