ത്രില്ലറില്‍ ജയം സ്വന്തമാക്കി ഇന്ത്യ, U19 ഏഷ്യ കപ്പ് ഫൈനലില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബാറ്റിംഗ് നിര കൈവിട്ടുവെങ്കിലും ബൗളര്‍മാരുടെ മികവില്‍ 2 റണ്‍സ് വിജയം നേടി ഇന്ത്യ. ജയത്തോടെ ഇന്ത്യ U19 ഏഷ്യ കപ്പ് ഫൈനലിലേക്ക് കടന്നു. ഒരു ഘട്ടത്തില്‍ 173 റണ്‍സ് എന്ന ചെറിയ സ്കോര്‍ തേടിയിറങ്ങിയ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെങ്കിലും ആറാം വിക്കറ്റിലൂടെ ബംഗ്ലാദേശ് പൊരുതിക്കയറുകയായിരുന്നു. എന്നാല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ ബംഗ്ലാദേശിനു സാധിക്കാതെ വന്നപ്പോള്‍ ടീം 46.2 ഓവറില്‍ 170 റണ്‍സിനു ഓള്‍ഔട്ട് ആയി.

65/5 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ആറാം വിക്കറ്റില്‍ അക്ബര്‍ അലി-ഷമീം ഹൊസൈന്‍ കൂട്ടുകെട്ടാണ് തിരികെ മത്സരത്തിലേക്ക് കൊണ്ടുവരുന്നത്. എന്നാല്‍ 74 റണ്‍സ് നേടി മുന്നേറുകയായിരുന്ന കൂട്ടുകെട്ടിനെ തകര്‍ത്ത് ഹര്‍ഷ് ത്യാഗി ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ വെച്ചു. 45 റണ്‍സ് നേടിയ അക്ബര്‍ അലി പുറത്തായ ശേഷം ഷമീം ഹൊസൈനു കൂട്ടായി എത്തിയ മൃത്യുഞ്ജയ് ജോയിയെയും ഹര്‍ഷ് ത്യാഗി പുറത്താക്കി.

വിജയം 13 റണ്‍സ് അകലെയെത്തിയപ്പോള്‍ 59 റണ്‍സ് നേടിയ ഷമീം ഹൊസൈനും പുറത്തായതോടെ ബംഗ്ലാദേശ് ക്യാമ്പും സമ്മര്‍ദ്ദത്തിലായി. എന്നാല്‍ അവസാന വിക്കറ്റ് കൂട്ടുകെട്ട് നേടിയ 9 റണ്‍സ് നേടി ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും മിന്‍ഹാസുര്‍ റഹ്മാന്‍(6) റണ്ണൗട്ട് രൂപത്തില്‍ പുറത്തായതോടെ ഇന്ത്യ ജയം സ്വന്തമാക്കി.

ഇന്ത്യയ്ക്കായി മോഹിത് ജാംഗ്ര, സിദ്ധാര്‍ത്ഥ് ദേശായി എന്നിവര്‍ മൂന്നും ഹര്‍ഷ് ത്യാഗി നിര്‍ണ്ണായകമായ രണ്ട് വിക്കറ്റും നേടി. അക്ബര്‍ അലിയുടെ വിക്കറ്റ് ഇതില്‍ ഉള്‍പ്പെടുന്നു. ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍ ആയി ഷമീം ഹൊസൈനെ പുറത്താക്കി അജയ് ഗംഗാപുരം ആണ് ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിക്കുന്നത്.