ശിഖ പാണ്ടേയുടെ കരുത്തില്‍ 107 റണ്‍സിലേക്ക് എത്തിയ ഇന്ത്യയ്ക്ക് വിന്‍ഡീസിനെതിരെ 2 റണ്‍സ് വിജയം. ഇന്ത്യയുടെ ചെറിയ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ വിന്‍ഡീസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന രണ്ടോവറിലേക്ക് മത്സരം കടന്നപ്പോള്‍ വിന്‍ഡീസിന് ജയിക്കുവാന്‍ 30 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. രാജേശ്വരി ഗായക്വാഡ് എറിഞ്ഞ 19ാം ഓവറില്‍ എന്നാല്‍ വിന്‍ഡീസ് മത്സരം തിരികെ തങ്ങളുടെ പക്ഷത്തേക്ക് മാറ്റുകയായിരുന്നു. മൂന്ന് ഫോറും ഒരു സിക്സും അടക്കം 19 റണ്‍സാണ് ഓവറില്‍ നിന്ന് അവര്‍ നേടിയത്.
അവസാന ഓവറില്‍ ജയിക്കുവാന്‍ 11 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് ആദ്യ മൂന്ന് പന്തില്‍ നിന്ന് 7 റണ്‍സ് നേടനായി. എന്നാല്‍ അടുത്ത മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു. രണ്ട് വിക്കറ്റുകളും ടീമിന് നഷ്ടമായി. ഇന്ത്യയുടെ പൂനം യാദവ് ആണ് അവസാന ഓവര്‍ എറിഞ്ഞത്. ആ ഓവറിലെ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റാണ് മത്സരത്തില്‍ പൂനം യാദവ് സ്വന്തമാക്കിയത്.
വിന്‍ഡീസിന് വേണ്ടി ലീ-ആന്‍ കിര്‍ബി 42 റണ്‍സും ഹെയ്ലി മാത്യൂസ് 25 റണ്‍സും നേടിയപ്പോള്‍ ചിനെല്ലേ ഹെന്റി 17 റണ്‍സ് നേടി. ഹെയ്ലി-ഹെന്റി കൂട്ടുകെട്ടാണ് അവസാന ഓവറുകളില്‍ ഇന്ത്യന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയത്.