മാഡ്രിഡിൽ ലിവർപൂളിലെ തടയാൻ അത്ലറ്റികോക്ക് ആവുമോ?

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ഇന്ന് അത്ലറ്റികോ മാഡ്രിഡ് ലിവർപൂൾ ടീമുകൾ ഇന്ന് നേർക്കുനേർ വരും. ജയം ശീലമാക്കി കുതിക്കുന്ന ലിവർപൂളിന് തടയിടാൻ സ്വന്തം മൈതാനത്ത് ഡീഗോ സിമിയോണിയുടെ ടീമിന് ആവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് ഉയർത്തിയ മൈതാനത്ത് ഇറങ്ങുമ്പോൾ ലിവർപൂളിന്റെ ആത്മവിശ്വാസം വളരെ വലുത് ആണ്. പ്രീമിയർ ലീഗിൽ കഴിഞ്ഞ 17 കളികളിൽ തുടർച്ചയായി ജയിച്ച അവർ ഏതാണ്ട് ലീഗ് കിരീടം ഉറപ്പിച്ചു കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ ആവട്ടെ ഗ്രൂപ്പ് ഇയിൽ നാപ്പോളിയെ മറികടന്ന് ഒന്നാമത് ആയി പ്രീ ക്വാർട്ടറിൽ എത്തിയ അവർ കഴിഞ്ഞ 2 അവേ മത്സരങ്ങളിലും ജയം കണ്ടിരുന്നു. എന്നാൽ സമീപകാലത്ത് 3 ചാമ്പ്യൻസ് ലീഗ് അവേ മത്സരങ്ങളിൽ ലിവർപൂൾ ജയം കണ്ടിട്ടില്ല എന്നത് ഒരു വസ്തുത ആണ്.

കൂടാതെ കഴിഞ്ഞ 5 മത്സരങ്ങളിൽ സ്പാനിഷ് എതിരാളികൾക്ക് എതിരെ ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ ജയം കണ്ടിട്ടില്ല എന്നതും വസ്തുത ആണ്. എന്നാൽ സാദിയോ മാനെ കൂടി തിരിച്ച് എത്തിയതോടെ പരിക്കും ലിവർപൂളിന് വലിയ വിഷയം ആവില്ല. ചാമ്പ്യൻസ് ലീഗിലും മികച്ച ഫോമിൽ ആണ് മാനെ. കൂടാതെ സ്പാനിഷ് എതിരാളികൾക്ക് എതിരെ മികച്ച റെക്കോർഡ് ആണ് അവർക്ക് ഉള്ളത്. എന്നാൽ സ്‌പാനിഷ്‌ എതിരാളിക്ക് എതിരെ അവേ മത്സരത്തിൽ ഇത് വരെ ജയിക്കാൻ ആയിട്ടില്ല എന്നത് ഒരു വസ്തുത ആണ്. ഇത് വരെ 4 പ്രാവശ്യം പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഓരോ വീതം മത്സരങ്ങൾ ഇരു ടീമുകളും ജയിച്ചപ്പോൾ മറ്റ് 2 മത്സരങ്ങളും സമനിലയിൽ അവസാനിച്ചു. മിൻമിനോ ടീമിൽ എത്തി എങ്കിലും സലാഹ്, മാനെ, ഫിർമിനോ മുന്നേറ്റം തന്നെയാവും ലിവർപൂളിനെ നയിക്കുക, ഈ മുന്നേറ്റത്തെ തടയാൻ സിമിയോണിയുടെ തന്ത്രങ്ങൾക്ക് ആവുമോ എന്നത് ആവും മത്സരഫലം നിർണയിക്കുക.

മധ്യനിരയിൽ ക്യാപ്റ്റൻ ജോർദൻ ഹെന്റേഴ്സനു ഒപ്പം വിശ്വസ്ഥൻ ആയ വൈനാൾഡനും ഫാബിനിയോയും ആവും ഇറങ്ങാൻ സാധ്യത. ഫാബിനിയോക്ക് പകരം ലീഗിൽ കഴിഞ്ഞ മത്സരങ്ങളിൽ ഇറങ്ങിയ ചേമ്പർലിനെയോ പരിചയസമ്പന്നനായ ജെയിംസ് മിൽനറെയോ ക്ലോപ്പ് മധ്യനിരയിൽ ഇറക്കാനും സാധ്യത ഉണ്ട്. ഗോളിൽ ആലിസൻ വല കാക്കുമ്പോൾ വാൻ ഡൈക്ക്, ജോ ഗോമസ്, അലക്‌സാണ്ടർ അർനോൾഡ്, ആൻഡ്രൂ റോബർട്ട്സൻ എന്നിവർ പ്രതിരോധത്തിൽ ഇറങ്ങും. ലോകത്തിലെ ഏറ്റവും ശക്തമായ ഈ പ്രതിരോധത്തെ ഭേദിക്കുന്നതിനു ഒപ്പം മറുവശത്ത് അർനോൾഡ്, റോബർട്ട്സൻ എന്നിവർ അപകടം വിതക്കുന്നതും തടയാൻ ആയാലെ അത്ലറ്റികോക്ക് മത്സരത്തിൽ എന്തെങ്കിലും പ്രതീക്ഷയുള്ളൂ.

ശക്തരായ എതിരാളികൾക്ക് ഒപ്പം അത്ര നല്ലതല്ലാത്ത ഫോമും പരിക്കുകളും ഡീഗോ സിമിയോണിയുടെ ടീമിനെ വലക്കുന്നുണ്ട്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ സ്വന്തം മൈതാനത്ത് നോക്കോട്ട് ഘട്ടങ്ങളിൽ സിമിയോണിക്ക് കീഴിൽ അത്ലറ്റികോ കളിച്ച 12 മത്സരങ്ങളിലും ഇത് വരെ പരാജയം അറിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുത ആണ്. എന്നാൽ ശക്തരായ ലിവർപൂളിനു എതിരെ കണക്കുകളിൽ കാര്യമില്ല എന്നു സിമിയോണിക്ക് നല്ല ബോധ്യം ഉണ്ടാവും. എന്നും പ്രതിരോധത്തിലെ മികവിന് പേര് കേട്ട സിമിയോണിയുടെ ടീമിന്റെ സീസണിലെ പ്രകടനം അത്ര മികച്ചത് അല്ലായിരുന്നു. ലീഗിൽ നിലവിൽ നാലാമത് ഉള്ള അവർ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ യുവന്റസിന് പിറകിൽ ഗ്രൂപ്പ് ഡിയിൽ രണ്ടാമത് ആയിരുന്നു. സീസണിൽ ലീഗിൽ 24 മത്സരങ്ങളിൽ 10 ലും സമനില വഴങ്ങിയ അത്ലറ്റികോ ഗോളുകൾ കണ്ടത്താൻ ബുദ്ധിമുട്ടുന്നുണ്ട്. മുന്നേറ്റത്തിൽ ഗ്രീസ്മാന്റെ അഭാവം നികത്താൻ അവർക്ക് ഇത് വരെ ശരിക്ക് ആയിട്ടില്ല. എന്നാൽ പരിക്ക് മാറി മൊറാറ്റക്ക് ഒപ്പം മുൻ ചെൽസി താരം ആയ ഡീഗോ കോസ്റ്റ ടീമിൽ തിരിച്ച് എത്തുന്നത് അവർക്ക് ആശ്വാസം പകരും.

കളിക്കുക ആണെങ്കിൽ മൊറാറ്റയുടെ 50 മത്തെ ചാമ്പ്യൻസ് ലീഗ് മത്സരം ആവും ഇത്. എന്നാൽ പോർച്ചുഗീസ് താരം ജോ ഫെലിക്സ് പരിക്ക് കാരണം ഈ മത്സരം കളിക്കില്ല എന്നത് അത്ലറ്റികോക്ക് വലിയ തിരിച്ചടി ആവും. മധ്യനിരയിൽ സിമിയോണിയുടെ വിശ്വസ്ഥർ ആയ കോകെ, സോൾ നിഗ്വസ് തുടങ്ങിയവർ കളിക്കുമ്പോൾ പ്രതിരോധത്തിൽ പക്ഷെ ഗോഡിന്റെ അഭാവം നികത്താൻ അത്ലറ്റികോക്ക് ആയിട്ടില്ല. എന്നാൽ യോസേ ഗിമനെസ് പരിക്ക് മാറി ടീമിലേക്ക് എത്തുന്നത് അവർക്ക് വലിയ ആശ്വാസം ആവും. എന്നാൽ കിരേൻ ട്രിപ്പിയറിന്റെ പരിക്ക് അവർക്ക് തിരിച്ചടിയാണ്. ലിവർപൂളിന്റെ അതിശക്തമായ അക്രമനിരക്ക് എതിരെ ഗോൾ കീപ്പർ ഒബ്ലാക്കിന്റെ പ്രകടനവും അത്ലറ്റികോക്ക് നിർണയകമാവും. ലിവർപൂളിന്റെ വിജയക്കുതിപ്പിന് തടയിടാൻ സിമിയോണിയുടെ പ്രതിരോധതന്ത്രങ്ങൾക്ക് ആവുമോ എന്നു കണ്ടറിയാം. രാത്രി 1.30 തിന് വാണ്ട മെട്രോപൊളിറ്റാനോയിൽ ആണ് മത്സരം.