FIH സീരീസ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 5-1നു തകര്‍ത്ത് ഇന്ത്യ. രണ്ടാം മിനുട്ടില്‍ വരുണ്‍ കുമാര്‍ ഇന്ത്യയ്ക്ക് ലീഡ് നല്‍കിയ ശേഷം മത്സരത്തില്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ആധിപത്യമായിരുന്നു. 11, 25 മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് നേടിയ ഗോളുകള്‍ കൂടിയായപ്പോള്‍ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇന്ത്യ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ലീഡ് ചെയ്തു. രണ്ടാം പകുതിയില്‍ 35ാം മിനുട്ടില്‍ വിവേക് സാഗര്‍ പ്രസാദ് ഇന്ത്യയുടെ നാലാം ഗോള്‍ നേടി. 49ാം മിനുട്ടില്‍ വരുണ്‍ കുമാര്‍ മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോളും ഇന്ത്യയുടെ അഞ്ചാം ഗോളും നേടി. റിച്ചാര്‍ പൗട്സ് ആണ് ദക്ഷിണാഫ്രിക്കയുടെ ആശ്വാസ ഗോളിനുടമ.
ഇന്ന് നടന്ന ലൂസേഴ്സ് ഫൈനലില്‍ യുഎസ്എയെ 4-2 എന്ന സ്കോറിനു കീഴ്പ്പെടുത്തി ജപ്പാന്‍ വെങ്കല മെഡല്‍ നേടി. മത്സരത്തില്‍ പത്താം മിനുട്ടില്‍ അകി കാപ്പെല്ലര്‍ ആണ് യുഎസ്എയെ ലീഡിലേക്ക് എത്തിച്ചത്. തൊട്ടടുത്ത നിമിഷം കസുമ മുറാട്ട ജപ്പാന്റെ സമനില ഗോള്‍ കണ്ടെത്തി. 25ാം മിനുട്ടില്‍ യോഷിക്കി കിറിഷ്ട ടീമിനെ വീണ്ടും ലീഡ് നേടിക്കൊടുത്തു.
പിന്നീട് ഇരു ടീമുകളും ആക്രമിച്ച് കളിച്ചുവെങ്കിലും ഗോള്‍ മാത്രം പിറക്കാതെ നിന്നപ്പോള്‍ ജപ്പാന്‍ 2-1 എന്ന സ്കോറിനു ജയിക്കുമെന്ന് കരുതിയെങ്കിലും 59ാം മിനുട്ടില്‍ സമനില ഗോള്‍ യുഎസ്എ നേടി. അകി തന്നെയായിരുന്നു ഗോള്‍ സ്കോറര്‍. എന്നാല്‍ യുഎസ്എയുടെ ആഘോഷങ്ങള്‍ക്ക് അധിക ആയുസ്സില്ലായിരുന്നു. മത്സരത്തിന്റെ അവസാ മിനുട്ടില്‍ രണ്ട് ഗോളുകള്‍ നേടി കെന്റ ടനാക 4-2ന്റെ വിജയം ജപ്പാന് നേടിക്കൊടുത്തു.