അതെ, തടി പിടിക്കാൻ മിടുക്കന്മാർ വേറെ വരട്ടെ. പറഞ്ഞു വരുന്നത് ഈ വർഷം ഓസ്‌ട്രേലിയയിൽ വച്ച് നടക്കുന്ന T20 ക്രിക്കറ്റ് വേൾഡ് കപ്പിനെ കുറിച്ചാണ്. ഇനി ഏതാണ്ട് അഞ്ചു മാസം മാത്രമുണ്ട്. ഇപ്പോഴത്തെ ഇന്ത്യൻ ടീം അതുപോലെ പോകില്ല എന്നാണെങ്കിലും ബിസിസിഐയ്യുടെ ഒരു രീതി വച്ച് വലിയ മാറ്റങ്ങൾ സാധാരണ വരുത്താറില്ല. അങ്ങനെയാണെങ്കിൽ വലിയ പ്രതീക്ഷയൊന്നും വേണ്ട. പോയി പങ്കെടുത്തു വരാം എന്ന് മാത്രം.
നമ്മുടെ ടീമിലെ പ്രമുഖ കളിക്കാർ ആരൊക്കെ എന്ന് നോക്കുക. വിരാട്, രോഹിത്, രാഹുൽ, പന്ത്, ഹാര്ദിക്ക്. ബാറ്റിംഗ് ഓർഡർ ആണ് പറഞ്ഞത്. ഈ ലൈനപ്പിൽ രാഹുലും ഹാർദിക്കും ഒഴിച്ചുള്ളവരുടെ ഇപ്പോഴത്തെ ഫോം നോക്കുക. അതെ, ഐപിഎൽ തന്നെ. ലോകത്തെ ഏറ്റവും മികച്ചതും കഴിവുകൾ കൊണ്ട് സമ്പന്നമായതും ആയ ലീഗാണിത് എന്നാണല്ലോ നമ്മുടെ ബോർഡിന്റെ അഭിപ്രായം.
ലോകോത്തര കളിക്കാരുടെ അഭാവത്തിലാണ് ഇത്തവണ കളി നടക്കുന്നത് എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം. കളിക്കുന്ന ഗ്രൗണ്ടുകളോ, ബാറ്റ്‌സ്മാൻമാരുടെ ഈഗോ ഊതി വീർപ്പിക്കാൻ പറ്റിയതും. ഇതുമായി തട്ടിച്ചു നോക്കേണ്ടത് ബൗളർമാരുടെ പറുദീസയായ ഓസ്‌ട്രേലിയൻ പിച്ചുകളാണ്.
മുംബൈയിലെയും പുണെയിലെയും ഇത്തരം പിച്ചുകളിൽ, സാധാരണ നിലവാരത്തിലുള്ള ബോളർമാരെ പോലും നേരിട്ട് നിൽക്കാൻ ഫോമില്ലാത്ത കളിക്കാരെ ഓസ്ട്രേലിയയിലേക്കു അയക്കണമോ എന്ന് ബോർഡ് ശരിക്കും ചിന്തിക്കണം. ശരിയാണ്, ഇവരെല്ലാം നേരത്തെ കഴിവ് തെളിയിച്ചവരാണ്. പക്ഷെ ഇപ്പോഴത്തെ ഫോമാണ് പ്രശ്നം. പണ്ട് ധോണി ക്യാപ്റ്റൻ ആയ സമയത്തു സീനിയർ കളിക്കാരെ മാറ്റി ടീം ഉടച്ചു വർത്തപ്പോൾ മുൻനിരയിലേക്ക് വന്നവരാണ് ഇവരൊക്കെ. ഇപ്പോൾ ഫോം വീണ്ടെടുത്ത് തിരിച്ചു വരുന്നത് വരെ മാറി നിൽക്കണം. രാഹുൽ, ശിഖർ ധവാൻ, ഹാര്ദിക്ക്, ശ്രേയസ്, റായുഡു, സഞ്ജു, തിലക്, ദിനേശ് കാർത്തിക് തുടങ്ങിയവരെ പരിഗണിക്കണം.
ഇനി ബോളർമാരുടെ നിരയെടുത്താൽ ഭുവി, വാഷിംഗ്‌ടൺ, ചഹാർ, ഷാർഡുൾ, നടരാജൻ, ഷമി, ഭുമ്ര, സിറാജ് എന്നിവരാണ് ഇപ്പോഴുള്ളത്. പുറത്തു നിൽക്കുന്നവരോ, യുസി, കുൽദീപ്, ഉമേഷ്, ആവേഷ്, തുടങ്ങിയവരും. ഈ IPLന്റെ കണ്ടുപിടുത്തമായ ഉമ്രാനെ എങ്ങിനെ മറക്കും. ഓസ്‌ട്രേലിയൻ പിച്ചുകളിൽ തീ പാറുന്ന പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന ഒരു കളിക്കാരനാണ് ഉമ്രാൻ.
ജൂണിൽ നടക്കാൻ പോകുന്ന സൗത്ത് ആഫ്രിക്കയുടെ ഇന്ത്യ പര്യടന സമയത്തു പുതിയ കളിക്കാരെ വച്ച് പരീക്ഷിക്കണം. അവസാനം കേട്ടത് അഞ്ചു T20 മാച്ചുകളാണ് ഇരു ടീമുകളും കളിക്കുക എന്നാണ്. അങ്ങനെയെങ്കിൽ ഇത് ഇന്ത്യൻ ബോർഡിന് നല്ല ഒരു അവസരമാണ്, കഥകൾ മാറ്റി വച്ച് കളിക്കാരെ തിരഞ്ഞെടുക്കാൻ.
IPL ലീഗിന്റെ മൊത്തത്തിൽ ഉള്ള ഗ്രെയ്‌ഡ് കുറഞ്ഞിട്ടുണ്ട് എന്ന് മുൻകാല കളിക്കാരും, ക്രിക്കറ്റ് വിദഗ്ധരും ഒരു പോലെ പറയുന്നുണ്ട്. ആദ്യ സീസണുകളിലെ പോലെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള മുൻനിര കളിക്കാരെ ആകർഷിക്കാൻ സാധിക്കുന്നില്ല. കൊറോണയും, ബയോബബിളും ഒരു കാരണമായിരിക്കാം, പക്ഷെ പല ദേശീയ ബോർഡുകളും, ഒന്നുകിൽ IPL അല്ലെങ്കിൽ ദേശീയ ടീം എന്ന് കളിക്കാർക്ക് താക്കീതു കൊടുത്തു തുടങ്ങിയിട്ടുണ്ട്. കാശിന്റെ മഞ്ഞളിപ്പിൽ ഗാംഗുലിയും കൂട്ടരും ഇത് കാണുന്നുണ്ടാകില്ല, പക്ഷെ ഇതാണ് സത്യം. ലോക ക്രിക്കറ്റ് നിലവാരം എടുത്തു നോക്കിയാൽ കഴിഞ്ഞ രണ്ടു മൂന്നു സീസണുകളിൽ IPL നിലവാരം വളരെ വളരെ പുറകിലാണ്. ഈ കളി കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് അന്താരാഷ്ട്ര ടൂർണമെന്റുകളിൽ വിജയക്കൊടി പാറിക്കും എന്നൊന്നും കരുതേണ്ട. ഇതിനും നമ്മൾ ഒരു പരിഹാരം കാണേണ്ടിയിരിക്കുന്നു.
അത് കൊണ്ട് ഉപ്പൂപ്പാന്റെ ആനകൾ പരസ്യത്തിൽ അഭിനയിച്ചു കാശുണ്ടാക്കട്ടെ, ഓസ്‌ട്രേലിയയിൽ കളിക്കാൻ പുത്തൻ തലമുറ പോകട്ടെ.