സ്റ്റിമാചിന്റെ ഇന്ത്യൻ പരിശീലകനായുള്ള തുടക്കം നന്നായില്ല. ഇന്ന് കിംഗ്സ് കപ്പിന്റെ സെമി ഫൈനലിൽ കുറാസാവോയ്ക്ക് എതിരെ ഇറങ്ങിയ ഇന്ത്യ വലിയ പരാജയം തന്നെ നേരിട്ടു. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് ഇന്ത്യ ഇന്ന് നേരിട്ടത്. ആദ്യ പകുതിയിലെ ദയനീയ പ്രകടനമാണ് ഇന്ത്യക്ക് വിനയായത്. കളിയിലെ നാലു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.
സഹൽ അബ്ദുൽ സമദ്, ചാങ്തെ, ബ്രാണ്ടൺ തുടങ്ങി അറ്റാക്കിംഗ് മൈൻഡ് ഉള്ള താരങ്ങളെ അണിനിരത്തി ആയിരുന്നു സ്റ്റിമാച് ഇന്ന് ഇറങ്ങിയത്. പക്ഷെ സ്റ്റിമാചിന്റെ പ്രസിംഗ് ഫുട്ബോൾ തുടക്കത്തിൽ ഫലിച്ചില്ല. ഡിഫൻസിൽ ഇന്ത്യ പതറിയത് മുതലെടുത്തു പെട്ടെന്ന് തന്നെ കുറാസാവോ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. 16ആം മിനുട്ടിൽ ബൊണാവാകിയയും, 18ആം മിനുട്ടിൽ എൽസൺ ഹൂയിയും ആയിരുന്നു കുറാസാവോയ്ക്കായി ഗോൾ നേടിയത്.
30ആം മിനുട്ടിൽ സഹൽ നേടി തന്നെ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഛേത്രി ഇന്ത്യക്ക് പ്രതീക്ഷ നൽകി എങ്കിലും ആ പ്രതീക്ഷയും നീണ്ടു നിന്നില്ല. 32ആം മിനുട്ടിൽ തന്നെ കുറാസാവോ മൂന്നാം ഗോൾ നേടി സ്കോർ 3-1 എന്നാക്കി. ബകൂന ആയിരുന്നു മൂന്നാമത്തെ ഗോൾ നേടിയത്. കളിയുടെ രണ്ടാം പകുതിയിലാണ് ഇന്ത്യ താളം കണ്ടെത്തിയത്. സഹലും ഉദാന്തയും ഒക്കെ കൂടുതൽ പന്തടക്കം കാണിച്ചതോടെ ഇന്ത്യ മികച്ച നീക്കങ്ങൾ നടത്തി. പക്ഷെ അത്ര ഗോളാക്കി ആ നീക്കങ്ങളെ മാറ്റാൻ ഇന്ത്യക്ക് ആയില്ല.
മത്സരത്തിന്റെ ഫലം നിരാശയാണെങ്കിലും രണ്ടാം പകുതിയിലെ ഇന്ത്യയുടെ പ്രകടനങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ഇനി വിയറ്റ്നാമും തായ്ലാന്റുൻ തമ്മിലുള്ള മത്സരത്തിൽ പരാജയപ്പെടുന്നവരുമായി ഇന്ത്യ മൂന്നാം സ്ഥാനത്തിനു വേണ്ടി കളിക്കും.