ഇന്ത്യൻ കുട്ടികൾക്ക് ഇനി ചരിത്ര പോരാട്ടമാണ്. വൈകിട്ട് ദക്ഷിണ കൊറിയയെ നേരിടാൻ ഉറങ്ങുമ്പോൾ രാജ്യത്തിന്റെ മുഴുവൻ പിന്തുണയും ആ ചരിത്ര പോരാട്ടത്തിൽ ഈ യുവനിരയ്ക്ക് ഒപ്പം ഉണ്ടാകും. കാരണം ഇന്ന് വിജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്ന അണ്ടർ 17 ലോകകപ്പ് യോഗ്യത ആണ്. സെമി ഫൈനലിൽ എത്തുന്ന നാലു ടീമുകൾക്കും അടുത്ത വർഷം പെറുവിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത ലഭിക്കും. കഴിഞ്ഞ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യ കളിച്ചിട്ടുണ്ട് എങ്കിലും യോഗ്യത നേടിക്കൊണ്ട് ഒരു ലോകകപ്പിൽ ഇന്ത്യ കളിക്കുന്നത് ഇതാദ്യമാകും.
ഗ്രൂപ്പ് ഡിയിൽ, അതായത് ഇറാഖ്, ഓസ്ട്രേലിയ എന്നീ ടീമുകൾ ഉണ്ടായിരുന്ന ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണ കൊറിയ ക്വാർട്ടറിലേക്ക് കടന്നത്. മൂന്നു മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും കൊറിയ അടിച്ചിട്ടുണ്ട്. ഇന്ത്യ പരിശീലകൻ ബിബിയാനോ ഫെർണാണ്ടസ് പറഞ്ഞത് പോലെ ദക്ഷിണ കൊറിയ തന്നെയാണ് ഇന്നത്തെ പോരാട്ടത്തിൽ ഫേവറിറ്റ്സ് എന്ന് വ്യക്തം.
എന്നാൽ ദക്ഷിണ കൊറിയക്ക് അറ്റാക്കാണ് ബലം എങ്കിൽ ഇന്ത്യക്ക് ബലം ഡിഫൻസാണ്. മലയാളി താരം ഷഹബാസിന്റെ നേതൃത്വത്തിൽ ഉള്ള ഇന്ത്യൻ ഡിഫൻസ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ഇറാൻ, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ മൂന്ന് മികച്ച ടീമുകളെ നേരിട്ടിട്ടാണ് ഈ ഡിഫൻസീവ് റെക്കോർഡ്. വിയറ്റ്നാമിനെ തോൽപ്പിച്ചതും ബാക്കി രണ്ടു മത്സരങ്ങളിലെ സമനിലയുമാണ് ഇന്ത്യയെ ക്വാർട്ടറിലേക്ക് എത്തിച്ചത്.
ഗോൾ വഴങ്ങുന്നതിൽ മികവ് ഉണ്ടെങ്കിലും ഗോൾ അടിക്കുന്നതിൽ ഇന്ത്യ പിറകിലാണ്. ആകെ ഒരു ഗോളാണ് ഇതുവരെ ഇന്ത്യ നേടിയത്. അതും പെനാൾട്ടിയിൽ ആയിരുന്നു. കിട്ടുന്ന അവസരങ്ങൾ ഫിനിഷ് ചെയ്യാൻ കഴിയാത്തതാണ് ഇന്ത്യയുടെ പിഴവ്. ആ പിഴവ് ദക്ഷിണ കൊറിയക്കെതിരെ ഇന്ത്യ മറികടക്കുമെന്നാണ് കരുതുന്നത്. സെമിയിലേക്ക് കടന്നാൽ ഇന്ത്യയുടെ ആദ്യ അണ്ടർ 16 ഏഷ്യാ കപ്പ് സെമി കൂടെ ആകും ഇത്.
വൈകിട്ട് 6 മണിക്കാണ് മത്സരം. കളി തത്സമയം ടെലികാസ്റ്റ് ചെയ്യുമെന്ന് സ്റ്റാർ സ്പോർട്സ് അറിയിച്ചിട്ടുണ്ട്.