ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച അമ്പാട്ടി റായിഡു(90), ഹാര്‍ദ്ദിക് പാണ്ഡ്യ(45), വിജയ് ശങ്കര്‍(45), കേധാര്‍ ജാഥവ്(35) എന്നിവരുടെ പ്രകടനത്തിനു ശേഷം ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ 35 റണ്‍സ് വിജയം സ്വന്തമാക്കി അഞ്ചാം ഏകദിനം നേടി ഇന്ത്യ.
ജെയിംസ് നീഷം വെടിക്കെട്ട് പ്രകടനവുമായി ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് മത്സരം തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും താരം റണ്ണൗട്ടായതോടെ മത്സരം വീണ്ടും ഇന്ത്യന്‍ പക്ഷത്തേക്ക് തിരിയുകയായിരുന്നു. നേരത്തെ കെയിന്‍ വില്യംസണ്‍(39), ടോം ലാഥം(37), കോളിന്‍ മണ്‍റോ(24) എന്നിവരും ക്രീസില്‍ നിലയുറപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അവരെ മടക്കിയയ്ക്കുകയായിരുന്നു. മിച്ചല്‍ സാന്റനറും അവസാന ഓവറുകളില്‍ കീവികള്‍ക്കായി പൊരുതി നോക്കിയെങ്കിലും വിജയം നേടുവാന്‍ ആവശ്യമായ വിക്കറ്റുകള്‍ ടീമിന്റെ കൈവശമുണ്ടായിരുന്നില്ല. സാന്റനര്‍ 22 റണ്‍സും മാറ്റ് ഹെന്‍റി 9 പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നുവെങ്കിലും വിജയം അപ്രാപ്യമായി മാറുകയായിരുന്നു.
44.1 ഓവറില്‍ 217 റണ്‍സിനു ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയതോടെ പരമ്പര ഇന്ത്യ 4-1നു സ്വന്തമാക്കി. ഇന്ത്യയ്ക്കായി ചഹാല്‍ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് നേടി. ഹാര്‍ദ്ദിക് പാണ്ഡ്യും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഭുവിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.