കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ ബാക്കിയുള്ള രണ്ട് ഏകദിന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കും. കൊറോണ വൈറസ് ബാധ ഇന്ത്യയിൽ പടരുന്നതിന്റെ പാശ്ചാത്തലത്തിൽ കേന്ദ്ര ഗവണ്മെന്റ് കായിക മത്സരങ്ങൾ നടത്തുമ്പോൾ ആളുകൾ ഒത്തുകൂടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് ലക്‌നൗവിലും മുംബൈയിലും നടക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ബി.സി.സി.ഐ തീരുമാനിച്ചത്. മാർച്ച് 15നും 18നുമാണ് മത്സരങ്ങൾ. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ന് ധരംശാലയിൽ ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു. കനത്ത മഴയാണ് ഇന്നത്തെ മത്സരം ഉപേക്ഷിക്കാൻ കാരണമായത്.
ശനിയാഴ്ച നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഗവേർണിംഗ് കൌൺസിൽ മീറ്റിങ്ങിൽ ഇന്ത്യൻ പ്രീമിയർ ലീഗും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനം ആവുമെന്നാണ് കരുതപ്പെടുന്നത്.