കൊറോണ ഭീഷണിയിൽ പരിശീലനം നിർത്തിവെച്ച് ചെൽസി

Photo: www.express.co.uk
- Advertisement -

ടീമുമായി അടുത്ത് ബന്ധപ്പെട്ട ഒരാൾക്ക് കൊറോണ ലക്ഷണങ്ങൾ കാണിച്ചതോടെ പരിശീലനം നിർത്തിവെച്ച് പ്രീമിയർ ലീഗ് ക്ലബ് ചെൽസി. ബുധനാഴ്ച രാത്രി ലക്ഷണങ്ങൾ കണ്ടതോടെ ഇന്നലെത്തെ പരിശീലനം ഒഴിവാക്കാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച ചെൽസി പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയെ നേരിടാനിരിക്കെയാണ് ചെൽസിയുടെ പരിശീലന കേന്ദ്രത്തിൽ കൊറോണ ഭീഷണി ഉടലെടുത്തത്.

അതെ സമയം ലക്ഷണങ്ങൾ കാണിച്ച ആളുടെ വിവരങ്ങൾ ക്ലബ് പുറത്തുവിട്ടിട്ടില്ല. ലക്ഷണങ്ങൾ കാണിച്ച വ്യക്തിക്ക് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളില്ല. തുടർന്ന് ചെൽസിയുടെ പരിശീലനത്തിന് ഉപയോഗിക്കുന്ന കോംപ്ലക്സ് മുഴുവൻ വൃത്തിയാക്കുകയും പരിശീലകനായ ഫ്രാങ്ക് ലാമ്പർഡും താരങ്ങളും അവിടെ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ ലെസ്റ്റർ സിറ്റിയുടെ പരിശീലകൻ ബ്രെണ്ടൻ റോജേഴ്‌സ് ക്ലബ്ബിന്റെ മൂന്ന് താരങ്ങൾക്ക് കൊറോണ ലക്ഷണങ്ങൾ കാണിച്ചെന്നും ഈ താരങ്ങൾ ടീം അംഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. അതെ സമയം ബ്രെണ്ടൻ റോജേഴ്‌സ് താരങ്ങളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Advertisement