ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 147 റൺസിന് ഓള്‍ഔട്ട്. അവസാന വിക്കറ്റുകളിൽ പൊരുതി നിന്ന പാക്കിസ്ഥാന്‍ വാലറ്റക്കാരാണ് ടീമിന്റെ സ്കോറിന് മാന്യത പകര്‍ന്നത്. 43 റൺസ് നേടിയ മുഹമ്മദ് റിസ്വാന്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ 3 വിക്കറ്റും നേടി.
ആദ്യ ഓവറിൽ തന്നെ ഭുവനേശ്വര്‍ കുമാര്‍ റിസ്വാനെ വിക്കറ്റിന് മുന്നിൽ കുടുക്കിയെങ്കിലും റിവ്യൂവിലൂടെ റിസ്വാന്‍ അത് തനിക്ക് അനുകൂലമായ തീരുമാനമാക്കി മാറ്റി. അധികം വൈകാതെ ബാബര്‍ അസമിനെ(10) ഭുവനേശ്വര്‍ കുമാറും ഫകര്‍ സമാനെ(10) അവേശ് ഖാനും പുറത്താക്കിയപ്പോള്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ റിസ്വാനും ഇഫ്തിക്കര്‍ അഹമ്മദും ചേര്‍ന്ന് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു.
പത്തോവറിൽ 68 റൺസാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാന് നേടിയത്. 28 റൺസ് നേടിയ ഇഫ്തിക്കര്‍ അഹമ്മദിനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് ഈ 48 റൺസ് കൂട്ടകെട്ടിനെ തകര്‍ത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ വീണ്ടും ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകിയത് 43 റൺസ് നേടിയ റിസ്വാനെ പുറത്താക്കിയാണ്.
അതേ ഓവറിൽ തന്നെ ഹാര്‍ദ്ദിക് ഖുഷ്ദിൽ ഷായെയും പുറത്താക്കി ഇന്ത്യയ്ക്ക് മത്സരത്തിൽ മേൽക്കൈ നേടിക്കൊടുക്കുകയായിരുന്നു. 13 റൺസ് നേടിയ ഹാരിസ് റൗഫും 6 പന്തിൽ 16 റൺസ് നേടിയ ദഹാനിയും ആണ് പാക്കിസ്ഥാനെ 147 റൺസിലേക്ക് നയിച്ചത്.