ആദ്യം നെവസിന്റെ ബുള്ളറ്റ്, പിന്നെ സെന്റ് മാക്സിമിൻ മാജിക്! വോൾവ്സിനെ സമനിലയിൽ തളച്ചു ന്യൂകാസ്റ്റിൽ യുണൈറ്റഡ്

അലൻ സെന്റ് മാക്സിമിന്റെ 90 മിനിറ്റിലെ ഗോളിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡ് സമനില കണ്ടത്തി

അലൻ സെന്റ് മാക്സിമിന്റെ 90 മിനിറ്റിലെ ഗോളിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡ് സമനില കണ്ടത്തി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആവേശകരമായ മത്സരത്തിൽ വോൾവ്സിനെ 1-1 നു സമനിലയിൽ തളച്ചു ന്യൂകാസ്റ്റിൽ യുണൈറ്റഡ്. പരിക്കേറ്റ മുന്നേറ്റനിര താരം കലം വിൽസൺ, മധ്യനിര താരം ബ്രൂണോ ഗുയിമാരസ് എന്നിവർ ഇല്ലാതെയാണ് ന്യൂകാസ്റ്റിൽ ഇറങ്ങിയത്. രണ്ടു ഗോളുകൾ മാത്രമെ പിറന്നു എങ്കിലും നാടകീയ നിമിഷങ്ങൾ നിറഞ്ഞ മത്സരം ആയിരുന്നു ഇത്. ആദ്യ പകുതിയിൽ ന്യൂകാസ്റ്റിലിന് ഏതാണ്ട് അർഹിച്ച പെനാൽട്ടി റഫറി നിഷേധിച്ചു. 38 മത്തെ മിനിറ്റിൽ വോൾവ്സ് മത്സരത്തിൽ മുന്നിലെത്തി.

ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഗോൺസാലോ ഗുഡൻസിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ബുള്ളറ്റ് ഷോട്ടിലൂടെ തന്റെ സ്ഥിര ശൈലിയിൽ വോൾവ്സ് ക്യാപ്റ്റൻ റൂബൻ നെവസ് ഗോൾ നേടി. രണ്ടാം പകുതി തുടങ്ങിയ ഉടൻ നെറ്റോലിന് എതിരായ ഫാബിയൻ ഷാറിന്റെ അപകടകരമായ ഫൗളിന് മഞ്ഞ കാർഡ് നൽകിയത് വോൾവ്സ് താരങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. സമനില ഗോളിന് ആയി വാശിയോടെ കളിച്ച ന്യൂകാസ്റ്റിലിന് ആയിരുന്നു മത്സരത്തിൽ ആധിപത്യം. 21 ഷോട്ടുകൾ ആണ് അവർ ഉതിർത്തത്. 81 മത്തെ മിനിറ്റിൽ റൗൾ ഹിമനസ് ഗോൾ നേടിയെങ്കിലും ഇതിനു മുമ്പ് നെറ്റോ ഫ്രേസറിനെ ഫൗൾ ചെയ്തതിനാൽ വാർ ഈ ഗോൾ അനുവദിച്ചില്ല.

90 മത്തെ ബോക്സിന് പുറത്ത് നിന്ന് ലഭിച്ച പന്ത് ഒരു മാജിക് ഷോട്ടിലൂടെ വലയിൽ എത്തിച്ച അലൻ സെന്റ് മാക്സിമിൻ ന്യൂകാസ്റ്റിലിന് സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു. അതുഗ്രൻ ഗോൾ ആയിരുന്നു ഇത്. 97 മത്തെ മിനിറ്റിൽ ന്യൂകാസ്റ്റിലിന്റെ എലിയറ്റ് ആന്റേഴ്‌സന്റെ ഹെഡർ ബാറിൽ ഇടിച്ചു മടങ്ങിയതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ പകുതിയിൽ അവസരങ്ങൾ മുതലാക്കാൻ ആവാത്തത് ആണ് ന്യൂകാസ്റ്റിലിന്റെ ജയം തടഞ്ഞത്. ലീഗിൽ ഇത് വരെ ന്യൂകാസ്റ്റിൽ പരാജയം അറിഞ്ഞിട്ടില്ല. അതേസമയം ലീഗിലെ ആദ്യ ജയത്തിനു ആയി വോൾവ്സ് ഇനിയും കാത്തിരിക്കണം.