അണ്ടർ 19 ലോകകപ്പിന്റെ സെമിയിൽ ഇന്ന് നിലവിലെ ജേതാക്കളായ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ അണ്ടർ 19 ലോകകപ്പിൽ പാക്കിസ്ഥാനെ നേരിടുന്നത്. 2018 അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെ നേരിട്ടപ്പോൾ ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയിരുന്നു. അന്ന് 203 റൺസിന് ജയിച്ചാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചതും തുടർന്ന് ഫൈനലിൽ കിരീടം നേടിയതും. മികച്ച ഫോമിലുള്ള യശസ്‌വി ജയ്‌സ്വാളിലാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ. 4 ഇന്നിങ്‌സുകളിൽ നിന്ന് മൂന്ന് അർദ്ധ സെഞ്ചുറിയടക്കം 207 റൺസ് താരം നേടിയിട്ടുണ്ട്.
ടൂർണമെന്റിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമി ഫൈനലിൽ എത്തിയത്. ക്വാർട്ടറിൽ ശക്തരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. അതെ സമയം ടൂർണമെന്റിൽ ഒരു മത്സരം പോലും പാകിസ്ഥാൻ തോറ്റിട്ടില്ല. മൂന്ന് മത്സരങ്ങൾ ജയിച്ച പാകിസ്ഥാന്റെ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. 9 വിക്കറ്റ് വീഴ്ത്തിയ അബ്ബാസ് അഫ്രീദിയും 7 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ആമിർ ഖാനുമാണ് പാകിസ്ഥാന്റെ തുറുപ്പുശീട്ടുകൾ.
അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യ ഇതിന് മുൻപ് നാല് തവണ സ്വന്തമാക്കിയിട്ടുണ്ട്. അതെ സമയം പാകിസ്ഥാൻ രണ്ട് തവണ അണ്ടർ 19 ലോകകപ്പ് ജേതാക്കളായിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ഇന്ത്യൻ സമയം 1.30നാണ് മത്സരം. മത്സരത്തിന്റെ ലൈവ് സംപ്രേഷണം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും ലഭ്യമാണ്.